അമിത് ഷായെ കണ്ടു, രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു

അമിത് ഷായെ കണ്ടു, രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയിലെത്തി കണ്ടതിന് ശേഷം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

''തനിക്ക് കോൺ​ഗ്രസിലെ മൂന്ന് തലമുറയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തതാണ്. കഴിഞ്ഞ 8-10 കൊല്ലമായി തികച്ചും ദേശീയമായ ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്നാണ് എനിക്ക് തോന്നിയത്. മറ്റ് പാർട്ടികളെല്ലാം പ്രാദേശികമാണ്. പക്ഷേ ബിജെപി ദേശീയ പാർട്ടിയാണ്,'' ബിജെപി പ്രവേശനത്തിന് പിന്നാലെ ജിതിൻ പ്രസാദ പറഞ്ഞു. ജോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്ത് ശക്തനായ നേതാവാണ് 47കാരനായ ജിതിന്‍ പ്രസാദ.

കോൺ​ഗ്രസിൽ സമ്പൂർണമായൊരു മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ ജിതിൻ പ്രസാദയുമുണ്ടായിരുന്നു.

ഇതിന് ശേഷം ഉത്തർപ്രദേശിൽ ചില പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുൻപായുള്ള ജിതിന്‍ പ്രസാദയുടെ കൂറുമാറ്റം കോൺ​ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ​ഗാന്ധിക്കാണ് ഉള്ളത്.

നേരത്തെ 2019ല്‍ ജിതിന്‍ പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയായിരുന്നു.

The Cue
www.thecue.in