ഞങ്ങളെ തല്ലിക്കൊല്ലരുത്‌, ചാവുന്നത്‌ ഈ നാട് കൂടിയാവും; അസമിലെ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡോക്ടർ ഷിംന അസീസ്

ഞങ്ങളെ തല്ലിക്കൊല്ലരുത്‌, ചാവുന്നത്‌ ഈ നാട് കൂടിയാവും; അസമിലെ  ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡോക്ടർ ഷിംന അസീസ്

അസമില്‍ കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ യുവ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡോക്ടർ ഷിംന അസീസ്. ആസാമിലെ ഒരു ഡോക്‌ടറെ, അല്ല ഞങ്ങളുടെ കൂട്ടത്തിലൊരാളെ, രോഗി മരിച്ച്‌ പോയെന്ന പേരിൽ ആണും പെണ്ണും വട്ടം കൂടി നിന്ന്‌ ചവിട്ടുന്നതും, പേപ്പട്ടിയെപ്പോലെ തല്ലുന്നതും, ലോഹപാത്രം കൊണ്ടും കൈയിൽ കിട്ടിയ സകലതും കൊണ്ടും അടിച്ചോടിക്കുന്നതും വായിൽ തോന്നിയ തെറി വിളിക്കുന്നതുമൊക്കെ വീഡിയോയിൽ കണ്ടു. ഓക്‌സിജൻ ക്ഷാമം ഉണ്ടായിരുന്നെന്നും അതിനാലാണ്‌ രോഗി മരിച്ചതെന്ന്‌ ആരോപണമുണ്ടെന്ന്‌ മാധ്യമ റിപ്പോർട്ടിലുണ്ട്‌. ഇനി എന്ത് കാര്യം കൊണ്ട്‌ രോഗം മരിച്ചാലും ഞങ്ങളുടെ തല തല്ലിപ്പൊളിച്ചാൽ രോഗി തിരിച്ച്‌ വരില്ല. നിറഞ്ഞ്‌ കവിഞ്ഞ്‌ നക്ഷത്രമെണ്ണുന്നൊരു ഹെൽത്ത്‌ സിസ്‌റ്റം ഓക്‌സിജൻ കുറവും വാക്‌സിൻ കുറവുമെല്ലാമായി ചക്രശ്വാസം വലിക്കുമ്പോൾ തല്ല്‌ കൊള്ളാൻ സദാ മുന്നിൽ നിന്ന് കൊടുക്കേണ്ടി വരുന്നത് ഞങ്ങളാണ്‌ - ആരോഗ്യപ്രവർത്തകർ. ഇന്ന്‌ പ്രതികരിച്ചില്ലെങ്കിൽ ഇതും സാധാരണമാവാം, നോർമലൈസ്‌ ചെയ്യപ്പെടാം. ഞങ്ങക്ക്‌ ഇത്‌ കൂടി സഹിക്കാൻ വയ്യ.

അസമിൽ ചൊവ്വാഴ്ചയാണ് കൊവിഡ് കെയര്‍ സെന്ററിലായിരുന്ന രോഗി മരിച്ചത്. മരിച്ചയാളുടെ ബന്ധുക്കള്‍ ഡോക്ടറെ ചൂലും പാത്രങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് ചവിട്ടും ഏറ്റിട്ടുണ്ട്.24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ആതുര സേവനത്തിന് ഭീഷണിയാവുകയാണെന്നും, കര്‍ശനമായ നടപടി അക്രമസംഭവങ്ങള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഐ.എം.എ കത്തില്‍ പറഞ്ഞു. നേരത്തെ രാജസ്ഥാനിലും ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമം വാര്‍ത്തയായിരുന്നു.

ഞങ്ങളെ തല്ലിക്കൊല്ലരുത്‌, ചാവുന്നത്‌ ഈ നാട് കൂടിയാവും; അസമിലെ  ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡോക്ടർ ഷിംന അസീസ്
കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ ചൂലും പാത്രവും ഉപയോഗിച്ച് ഡോക്ടര്‍ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ഐ.എം.എ

ഷിംന അസീസിന്റെ കുറിപ്പ്

അങ്ങേയറ്റം അസ്വസ്‌ഥതയോടും വേദനയോടെയുമാണിത്‌ എഴുതുന്നത്‌. ആ വാർത്ത വായിച്ചാൽ പോരായിരുന്നോ എന്ത് തേങ്ങക്കാണ്‌ ആ വീഡിയോ എടുത്ത്‌ കാണാൻ പോയത്‌ എന്ന്‌ ഞാൻ എന്നെ തന്നെ ശകാരിക്കുന്നുണ്ട്‌. മാസങ്ങളായി ജോലി സംബന്ധമായ ആവശ്യത്തിന്‌ താരതമ്യേന കാര്യങ്ങൾ നിയന്ത്രണവിധേയമായ കേരളത്തിലെ, മൂന്ന്‌ ജില്ലകളിൽ സർക്കാർ/പ്രൈവറ്റ്‌ ആശുപത്രികൾ കയറിയിറങ്ങുന്നു. അത്യാവശ്യം വലിയൊരു കൂട്ടം ആരോഗ്യപ്രവർത്തകരെ നേരിൽ കണ്ടിട്ടുണ്ട്‌, അവരുടെ അവസ്‌ഥയും വിഷമവും ആധിയും അവരിൽ നിന്ന്‌ തന്നെ കേട്ടിട്ടുണ്ട്‌, കഴിയുംപോലെയൊക്കെ നല്ല വാക്ക്‌ പറഞ്ഞ്‌ ആശ്വസിപ്പിച്ചിട്ടുമുണ്ട്‌. ആയുസ്സിൽ ഇന്ന്‌ വരെ അനുഭവിച്ചിട്ടില്ലാത്ത സമ്മർദത്തിലൂടെ ഞങ്ങൾ ആരോഗ്യപ്രവർത്തകർ കടന്ന്‌ പോകുന്ന കെട്ട കാലമാണ്‌.

കഴിഞ്ഞ ദിവസം ആസാമിലെ ഒരു ഡോക്‌ടറെ, അല്ല ഞങ്ങളുടെ കൂട്ടത്തിലൊരാളെ, രോഗി മരിച്ച്‌ പോയെന്ന പേരിൽ ആണും പെണ്ണും വട്ടം കൂടി നിന്ന്‌ ചവിട്ടുന്നതും, പേപ്പട്ടിയെപ്പോലെ തല്ലുന്നതും, ലോഹപാത്രം കൊണ്ടും കൈയിൽ കിട്ടിയ സകലതും കൊണ്ടും അടിച്ചോടിക്കുന്നതും വായിൽ തോന്നിയ തെറി വിളിക്കുന്നതുമൊക്കെയാണ്‌ ആദ്യം പറഞ്ഞ വീഡിയോയിൽ കണ്ടത്‌.

ഓക്‌സിജൻ ക്ഷാമം ഉണ്ടായിരുന്നെന്നും അതിനാലാണ്‌ രോഗി മരിച്ചതെന്ന്‌ ആരോപണമുണ്ടെന്ന്‌ മാധ്യമ റിപ്പോർട്ടിലുണ്ട്‌. ഇനി എന്ത് കാര്യം കൊണ്ട്‌ രോഗം മരിച്ചാലും ഞങ്ങളുടെ തല തല്ലിപ്പൊളിച്ചാൽ രോഗി തിരിച്ച്‌ വരില്ല. നിറഞ്ഞ്‌ കവിഞ്ഞ്‌ നക്ഷത്രമെണ്ണുന്നൊരു ഹെൽത്ത്‌ സിസ്‌റ്റം ഓക്‌സിജൻ കുറവും വാക്‌സിൻ കുറവുമെല്ലാമായി ചക്രശ്വാസം വലിക്കുമ്പോൾ തല്ല്‌ കൊള്ളാൻ സദാ മുന്നിൽ നിന്ന് കൊടുക്കേണ്ടി വരുന്നത് ഞങ്ങളാണ്‌ - ആരോഗ്യപ്രവർത്തകർ. ഇന്ന്‌ പ്രതികരിച്ചില്ലെങ്കിൽ ഇതും സാധാരണമാവാം, നോർമലൈസ്‌ ചെയ്യപ്പെടാം. ഞങ്ങക്ക്‌ ഇത്‌ കൂടി സഹിക്കാൻ വയ്യ.

ഒന്നര കൊല്ലമായിട്ട്‌ വീട്ടുകാർ വരെ എഴുതിത്തള്ളിയവരാണ്‌ ഞങ്ങളിൽ പലരും. രോഗി ഐസിയുവിൽ ക്രാഷ്‌ ചെയ്യുമ്പഴേക്ക്‌ പരക്കം പാഞ്ഞെത്തി രോഗിയെ സേവ്‌ ചെയ്യുന്നത്‌ ഡ്യൂട്ടിയല്ലേന്ന്‌ ചോദിക്കുന്നവരുണ്ട്‌. ആണ്‌, ഡ്യൂട്ടിയാണ്‌. ശമ്പളവും വാങ്ങുന്നുണ്ട്‌. കേരളത്തിൽ സ്‌ഥിതി അൽപം ഭേദമാണെന്നതും വിസ്‌മരിക്കുന്നില്ല.

എന്ന്‌ വെച്ച്‌ ഈ ചെയ്യുന്ന ജോലിയുടെ സമ്മർദം, ശാരീരിക/മാനസിക അവശതകൾ, ഒറ്റപ്പെടൽ, ഞങ്ങളുടെ അവസ്‌ഥ... ഇന്ന്‌ വരെയില്ലാത്ത ജോലിഭാരം. അംഗീകരിച്ച്‌ തരണം, ഞങ്ങളോടൊപ്പം നിൽക്കണം. ഞങ്ങളും സാദാ മനുഷ്യരാണ്, സൂപ്പർമാനും സൂപ്പർവുമണുമല്ല. ജീവിതം മറന്ന്‌ പണിയെടുക്കേണ്ടി വരുന്നവരാണ്‌, ജീവൻ രക്ഷിക്കാൻ നോക്കുന്നവരാണ്‌.

എന്നെങ്കിലുമൊരിക്കൽ കടന്നു പോയേക്കാൻ സദാ സാധ്യതയുള്ള ഒന്ന് എന്ന് സ്വയം ഓർമ്മിപ്പിക്കാൻ ലിങ്ക് കമന്റിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്, വല്ലാതെ ഡിസ്റ്റർബിംഗ് വിഷ്വൽസ് ആണ്. ഞങ്ങളെ തല്ലിക്കൊല്ലരുത്‌, ചാവുന്നത്‌ ഈ നാട് കൂടിയാവും.

The Cue
www.thecue.in