പകിട്ടത്ര വേണ്ട; 23 ലക്ഷം ചെലവിട്ട് ഔദ്യോഗിക വസതി മോടി പിടിപ്പിക്കേണ്ട, 15,000 ത്തിന്റെ അറ്റകുറ്റപ്പണി മതിയെന്ന് മന്ത്രി കെ രാജന്‍

പകിട്ടത്ര വേണ്ട; 23 ലക്ഷം ചെലവിട്ട് ഔദ്യോഗിക വസതി മോടി പിടിപ്പിക്കേണ്ട, 15,000 ത്തിന്റെ അറ്റകുറ്റപ്പണി മതിയെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവിട്ട് മോടി പിടിപ്പിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. വന്‍ തുക ചെലവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നും പൈപ്പുകളുടെയും ഇലക്ട്രിക്കല്‍ ലൈനുകളുടെയും അത്യാവശ്യ ജോലികള്‍ മാത്രം ചെയ്താല്‍ മതിയെന്നും മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. ടൂറിസം വകുപ്പ് നവീകരണത്തിനായി തയ്യാറാക്കിയ ടെന്‍ഡര്‍ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് 23 ലക്ഷത്തിന്റെ നവീകരണ പദ്ധതികള്‍ 15,000 രൂപയില്‍ ഒതുങ്ങും. ഗ്രേസ് കോട്ടേജിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കെ രാജന്‍ എം.എല്‍.എ ഹോസ്റ്റലിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നത് നിരവധി തവണ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 98 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തുന്നത് വാര്‍ത്തയായിരുന്നു. സംസ്ഥാനം മഹാമാരിക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് 98 ലക്ഷം രൂപ ചെലവിട്ടുള്ള നവീകരണം ധൂര്‍ത്താണെന്നാണ് ആരോപണം ഉയര്‍ന്നത്.

ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍, വീട്ടു ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള വിശ്രമമുറികളാണ് 98 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നത്. അടിയന്തിരമായി ചെയ്യേണ്ട ജോലികള്‍ ആയതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാര്‍ക്ക് നിര്‍മാണച്ചുമതല കൈമാറുകയായിരുന്നു.

The Cue
www.thecue.in