കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ ചൂലും പാത്രവും ഉപയോഗിച്ച് ഡോക്ടര്‍ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ഐ.എം.എ

കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ ചൂലും പാത്രവും ഉപയോഗിച്ച് ഡോക്ടര്‍ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ഐ.എം.എ

ദിസ്പൂര്‍: അസമില്‍ കൊവിഡ് രോഗി മരിച്ചതിന് യുവ ഡോക്ടര്‍ക്ക് നേരെ ആക്രമണം. മരിച്ചയാളുടെ ബന്ധുക്കള്‍ ഡോക്ടറെ ചൂലും പാത്രങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് ചവിട്ടും ഏറ്റിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കൊവിഡ് കെയര്‍ സെന്ററിലായിരുന്ന രോഗി മരിച്ചത്. അസമിലെ ഹൊജയ് ജില്ലയിലാണ് സംഭവം. 24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ആതുര സേവനത്തിന് ഭീഷണിയാവുകയാണെന്നും, കര്‍ശനമായ നടപടി അക്രമസംഭവങ്ങള്‍ക്കെതിരെ സ്വീകരിക്കണമെന്നും ഐ.എം.എ കത്തില്‍ പറഞ്ഞു. നേരത്തെ രാജസ്ഥാനിലും ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമം വാര്‍ത്തയായിരുന്നു.

The Cue
www.thecue.in