ലക്ഷദ്വീപിനെ ചേര്‍ത്തു നിര്‍ത്തി കേരളം, നിയമസഭയില്‍ പ്രമേയം പാസാക്കിയേക്കും, സ്പീക്കറുടെ ഓഫീസ് നടപടിക്രമങ്ങള്‍ പരിശോധിച്ചു തുടങ്ങി

ലക്ഷദ്വീപിനെ ചേര്‍ത്തു നിര്‍ത്തി കേരളം, നിയമസഭയില്‍  പ്രമേയം പാസാക്കിയേക്കും, സ്പീക്കറുടെ ഓഫീസ് നടപടിക്രമങ്ങള്‍ പരിശോധിച്ചു തുടങ്ങി

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണപരിഷ്‌കരണങ്ങളെ അപലപിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രമേയം പാസാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി. കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ലക്ഷദ്വീപ് ജനതയോടൊപ്പമാണ്. അവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫിലെയും യുഡിഎഫിലെയും എം.എല്‍മാര്‍ മുന്നോട്ട് വന്നിരുന്നു.

ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന് നേരത്തെ ഷാഫി പറമ്പില്‍ എം.എല്‍.എയും ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയസഭ വീണ്ടും ചേരുന്നുണ്ട്. ഇതിന് ശേഷം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്.

അതേസമയം ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. ദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ദ്വീപില്‍ ആശുപത്രി സൗകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെത്തിച്ചാണ് ചികിത്സ നടത്തുന്നത്.

No stories found.
The Cue
www.thecue.in