'സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ജെനി'; കേരളത്തിന്റെ ആദ്യ കൊമേര്‍ഷ്യല്‍ പൈലറ്റിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

'സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ജെനി'; കേരളത്തിന്റെ ആദ്യ കൊമേര്‍ഷ്യല്‍ പൈലറ്റിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ തിരുവനന്തപുരം കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച രാത്രി 10.25നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനം സഹപൈലറ്റായി നിയന്ത്രിച്ചത് 23 കാരിയായ ജെനി ജെറോമായിരുന്നു.

തീരദേശ പ്രദേശമായ കൊച്ചുതുറയില്‍ നിന്നുള്ള ജെനിയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റാകുക എന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജനി അച്ഛന്‍ ജെറോമിനോട് എനിക്ക് വിമാനം പറത്തിച്ചൂടെ എന്ന് ചോദിക്കുന്നത്. പിന്നീട് ജനിയുടെ ആഗ്രഹത്തിന് പിന്തുണ നല്‍കി കുടുംബം കൂടെയുണ്ടായിരുന്നു.

പ്ലസ്ടുവിന് ശേഷം ഷാര്‍ജയിലെ ആല്‍ഫ ഏവിയേഷന്‍ അക്കാദമിയിലാണ് ജനി പഠിച്ചത്. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ജെനിയെ അഭിനന്ദിച്ച് ഇതിനോടകം നിരവധി പേരാണ് മുന്നോട്ട് വന്നത്.

സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു,'' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in