പുതുപ്പള്ളി പുണ്യാളനെ ഓര്‍ത്തെങ്കിലും മാറിത്തരാമോ?,വടികുത്തിപ്പിടിക്കുന്ന പരുവത്തിലായാലും മാറില്ല; ഉമ്മന്‍ചാണ്ടിക്കെതിരെ അണികള്‍

Oommen Chandy, Ramesh Chennithala
Oommen Chandy, Ramesh Chennithala

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയെന്ന വാര്‍ത്തക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി തലമുറ മാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുങ്ങുമ്പോള്‍ എ ഗ്രൂപ്പ് തലവനായ ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പിന്തുണച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

തലമുറ മാറ്റത്തിന് തടയിടാന്‍ എ-ഐ ഗ്രൂപ്പ് വൈരം മറന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ത്തെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രാജീവ് ഗാന്ധി ചരമവാര്‍ഷിക ദിനമായ ഇന്നലെ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അനുസ്മരണക്കുറിപ്പിന് താഴെ രൂക്ഷ വിമര്‍ശനമാണ് അണികള്‍ നടത്തിയത്. പുതുപ്പള്ളി പുണ്യാളെ ഓര്‍ത്തെങ്കിലും മാറിത്തരാമോ എന്നാണ് അണികളിലൊരാളുടെ ചോദ്യം.

മറ്റൊരു കമന്റ്

അമ്പത് വര്‍ഷം എം.എല്‍.എ ഉം, മന്ത്രിയും, മുഖ്യമന്ത്രിയും എല്ലാം ആയില്ലേ, പാര്‍ട്ടിയില്‍ താഴെ തട്ടില്‍ ഉള്ളവര്‍ക്ക് സ്ഥാനമാണങ്ങള്‍ക്ക് വേണ്ടിയല്ല, പുതിയ മുഖങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരും, നിഷ്പക്ഷരും ആഗ്രഹിക്കുന്നുണ്ട്, പിടിച്ചു മാറ്റപ്പെട്ടാല്‍ അന്ധാളിച്ചു നിന്ന് പോകും, അവഹേളനയും.... മാറി നിന്നാല്‍ ഇനിയും ഒരുപാട് കാലം ഒരു കാരണവരെ പോലെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു ചേര്‍ന്ന് നില്‍ക്കാം. എന്നാണ് ഒരാളുടെ കമന്റ്.

ചാണ്ടിസാറെ സകല ബഹുമാനവും നിര്‍ത്തി കൊണ്ട് ഇന്നുവരെ എളിയ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ഞാന്‍ പറയട്ടെ, ഇവിടെ സ്‌കൂള്‍ യുവജനോത്സവമോ, ഐ പി എല്‍ ലേലമോ ഒന്നും അല്ലല്ലോ നടക്കുന്നത്, പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷത്തിന്റെ മുഴുവന്‍ അഭിപ്രായംമുന്‍നിര്‍ത്തി തീരുമാനിക്കുക,KPCC നേതാവിനെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായവും, കണ്‍വീനറെ യു ഡി എഫിന്റെ അഭിപ്രായപ്രകാരവും തിരുമാനിക്കുക, ഇത് തീരുമാനിക്കാന്‍ കഴിവില്ലാത്തവരാണോ കേരള ഭരിക്കാന്‍ ഇറങ്ങിയത്? ഇനിയും ഗ്രൂപ്പുകളിച്ചാല്‍ Kpcc ഓഫീസ് വല്ല മ്യൂസിയവും ആക്കാം,

ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആയിരത്തിനടുത്ത് കമന്റുകള്‍. കെപിസിസി അധ്യക്ഷനായി കെ.സുധാകരനെയും പ്രതിപക്ഷ നേതാവായി വി.ഡി സതീശനെയും കൊണ്ടുവരാനാണ് നേതൃത്വം ആലോചിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം

എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.

മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങള്‍ സത്യവിരുദ്ധമാണ്. അതുസംബന്ധിച്ച ചര്‍ച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ.

ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട വ്യാജവാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ADMIN

Related Stories

No stories found.
logo
The Cue
www.thecue.in