'വിമര്‍ശനങ്ങള്‍ക്ക് വിതുമ്പല്‍ മറുപടി': കോവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി

'വിമര്‍ശനങ്ങള്‍ക്ക് വിതുമ്പല്‍ മറുപടി': കോവിഡ് മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടു പോയെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തേടൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈകാരികമായാണ് കോവിഡ് ബാധിച്ച് മരിച്ചവരെ പ്രധാനമന്ത്രി അനുസ്മരിച്ചത്.

'' വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടുപോയി. അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നരേന്ദ്ര മോദി നന്ദി പറഞ്ഞു.

രാജ്യത്തെ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴാണ് വൈകാരികമായി പ്രധാനമന്ത്രി സംസാരിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് മഹാമാരിയുടെ സമയത്ത് ഉയര്‍ന്നത്. ബിജെപി നേതാക്കളും ആര്‍എസ്എസ് നേതാക്കളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ അപര്യാപ്തമായ വാക്‌സിന്‍ നയത്തിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞു വരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്നും പ്രധാമന്ത്രി മുന്നറിയിപ്പ് നല്‍കി. മുന്നിലുള്ളത് വലിയൊരു യുദ്ധമാണെന്ന് പറഞ്ഞ മോദി കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in