സ​​ഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും മുന്നോട്ട് പോകും; രണ്ടാം പിണറായി സർക്കാരിന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാറിന് ആശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അർപ്പിച്ചത്. സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമായി സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നും ഓൺലൈനായി ചടങ്ങുകാണുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൻ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു.

ഉച്ചക്ക് ശേഷം മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയൻ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചരയോടെ ആദ്യ മന്ത്രിസഭാ യോഗവും നടക്കും.

അതേസമയം പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തലയ്ക്കൊപ്പം വി.ഡി സതീശന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. പാർട്ടിയിലെ യുവനിര വി.ഡി സതീശൻ തന്നെ എത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സത്യപ്രതിജ്ഞാ ദിനത്തിന് തുടക്കം കുറിച്ചത്.സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നെത്തും.

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് രണ്ടരമീറ്റര്‍ അകലത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളെല്ലാം ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in