മിടുക്കറിയിച്ച പാര്‍ലമെന്റേറിയന്‍, സിപിഎമ്മിലെ ധൈഷണിക മുഖം; പി.രാജീവ് മന്ത്രിസഭയിലെത്തുമ്പോള്‍

മിടുക്കറിയിച്ച പാര്‍ലമെന്റേറിയന്‍, സിപിഎമ്മിലെ ധൈഷണിക മുഖം; പി.രാജീവ് മന്ത്രിസഭയിലെത്തുമ്പോള്‍

രണ്ടാം പിണറായി മന്ത്രിസഭയിലെ പുതുമുഖങ്ങളിലൊരാള്‍ പി. രാജീവാണ്. രാജ്യസഭാംഗമായി മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലക്ക് പേരെടുത്തയാളാണ് പി. രാജീവ്. വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് പൊലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളേറ്റ് വാങ്ങിയ നേതാവ് കൂടിയാണ് പി. രാജീവ്. കളമശേരി യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്താണ് രാജീവ് ഇക്കുറി സഭയിലെത്തിയത്.

1967 ല്‍ തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ പി.വാസുദേവന്റെയും രാധ വാസുദേവന്റെയും മകനായി ജനിച്ചു. ബി.എ, എല്‍.എല്‍.ബി, ഡിപ്ലോ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എന്നിവയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2009 ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്‍മാന്‍ പാനലില്‍ അംഗം. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളായ അഡൈ്വസറി കമ്മിറ്റി, പെറ്റിഷന്‍സ് കമ്മിറ്റി ,ഫിനാന്‍സ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി, ഇന്‍ഷൂറന്‍സ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എന്‍ എല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷന്‍ ബില്ല് സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കയര്‍ബോര്‍ഡ് അംഗം, രാജ്യസഭയിലെ സി.പി.ഐ.എം ചീഫ് വിപ്പ്, സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015, 16 വര്‍ഷങ്ങളിലെ നവ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപക പാനലില്‍ അംഗം. നിലവില്‍ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, റിസര്‍ച്ച് ചീഫ് എഡിറ്റര്‍, സ്റ്റുഡന്റ് മാസിക എഡിറ്റര്‍, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. രാജ്യസഭാ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോര്‍ട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ദാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എല്ലാ രോഗികള്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുള്ള ഡയറ്ററി കിച്ചന്‍ സ്ഥാപിച്ചത് പി. രാജീവാണ്. 10 കോടി രൂപ ചെലവില്‍ മറ്റ് എംപിമാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു.

2013 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 1997 നും 2010 ലും ഹവാനയില്‍ ലും സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോക യുവജന വിദ്യാര്‍ത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളില്‍ വ്യതിയാനങ്ങള്‍,കാഴ്ചവട്ടം ,പുരയ്ക്കു മേല്‍ ചാഞ്ഞ മരം, 1957 ചരിത്രവും വര്‍ത്തമാനവും,എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തര കാലത്തെ പ്രതീതി നിര്‍മ്മാണം, ഭരണഘടന ചരിത്രവും വര്‍ത്തമാനവും എന്നിവ പ്രധാന കൃതികളാണ്.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി, കനിവ് ഭവനപദ്ധതി, കനിവ് പാലിയേറ്റീവ് കെയര്‍ സ്ഥാപനം, കനിവ് ആക്ഷന്‍ ഫോഴ്‌സ് എന്നിവ സാമൂഹികപുരോഗതിക്ക് ജില്ലയില്‍ സഹായകമായി.

എംപി ആയിരിക്കുമ്പോള്‍ നടപ്പിലാക്കിയ ഇ-ടോയ്ലറ്റ് പദ്ധതിക്ക് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പൊതുമേഖലയിലെ നവീന പദ്ധതി ക്കുള്ള പുരസ്‌കാരം ലഭിച്ചു. ആലുവ ജില്ലാ ആശുപത്രി എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഫണ്ട് പൊതുമേഖല സ്വകാര്യമേഖല സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഫണ്ട് വ്യക്തികളുടെ സംഭാവനകളും ചേര്‍ത്ത് നടപ്പിലാക്കിയ എം.പി. ഫണ്ട് പദ്ധതി രാജ്യത്തിന് മാതൃകയാവുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in