ജില്ലാ കളക്ടര്‍ കേസെടുക്കണം. ഇന്നാട്ടില്‍ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല; എല്‍ഡിഎഫ് കേക്ക് മുറിയില്‍ ഹരീഷ് വാസുദേവന്‍

ജില്ലാ കളക്ടര്‍ കേസെടുക്കണം. ഇന്നാട്ടില്‍ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല; എല്‍ഡിഎഫ് കേക്ക് മുറിയില്‍ ഹരീഷ് വാസുദേവന്‍
Summary

കേസെടുത്തില്ലെങ്കിൽ ഇതിന് എന്റെയറിവിൽ ഒരർത്ഥമേയുള്ളൂ. ഈ നാട്ടിൽ രണ്ടുതരം പൗരന്മാർ ഉണ്ടെന്നും അവർക്ക് രണ്ടുതരം നിയമം നിലനിൽക്കുന്നുണ്ടെന്നും.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തില്‍ കൂട്ടം കൂടി കേക്ക് മുറിച്ചതില്‍ വ്യാപക വിമര്‍ശനം. കലക്ടര്‍ പരാതി നല്‍കി കേസെടുക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും തോന്നലുണ്ടാകുമെന്നും ഹരീഷ് വാസുദേവന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എകെജി സെന്ററില്‍ നടന്ന കേക്ക് മുറിക്കലിനെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

ട്രിപ്പിൾ ലോക്ക്ഡൗണ് ഉത്തരവ് നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ നടന്ന പരിപാടിയാണ് ഈ കേക്ക് മുറിക്കൽ. ഇതിലെ ആളുകൾ നേരിട്ടുവന്നു ഇത്ര സമയത്തിനുള്ളിൽ ചെയ്യണമെന്ന് ഭരണഘടനയിൽ പറഞ്ഞ പരിപാടിക്കല്ല ഈ കൂട്ടം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭരണതലത്തിൽ പോസ്റ്റുകൾ വഹിക്കുന്നവർക്ക് അവരുടെ ജോലി ചെയ്യുന്നതിൽ ഇളവുണ്ട്, (അതിനുമാത്രം). ഒരു പോസ്റ്റും വഹിക്കാത്ത ആളുകളും ഈ ഫോട്ടോയിലുണ്ട്. അവർക്ക് ലോക്ക്ഡൗണിൽ പ്രത്യേക ഇളവ് ഉണ്ടായിരുന്നോ? വീട്ടിൽ നിന്നിറങ്ങാൻ പോലീസ് പാസ് നൽകിയോ? എന്തായിരുന്നു പാസിലെ ആവശ്യം? 2 മീറ്റർ അകലം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവർക്കെതിരെ കേസെടുത്തോ?

കേസെടുത്തില്ലെങ്കിൽ ഇതിന് എന്റെയറിവിൽ ഒരർത്ഥമേയുള്ളൂ. ഈ നാട്ടിൽ രണ്ടുതരം പൗരന്മാർ ഉണ്ടെന്നും അവർക്ക് രണ്ടുതരം നിയമം നിലനിൽക്കുന്നുണ്ടെന്നും.

അപ്പോഴാ സത്യപ്രതിജ്ഞയുടെ വാക്കുകളെന്താണ്? "ഭീതിയോ പക്ഷപാതിത്വമോ പ്രീതിയോ വിദ്വേഷമോ കൂടാതെ നീതി നടപ്പാക്കുമെന്ന്..... "

**********************************

സാമ്പത്തികമായി തകർന്നിട്ടും ഇന്നാട്ടിലെ മനുഷ്യർ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സർക്കാർ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാൽ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്‌സിൻ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്. മഴയത്തും വെയിലത്തും നിയമത്തിൽ പറയാത്ത ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന സാധാരണ പോലീസുകാരും, ആരോഗ്യ പ്രവർത്തകരും ഒക്കെ അവനവന്റെ ജോലിയിൽ ഒരുവർഷമായി കാണിക്കുന്ന ആത്മാർത്ഥത വെറും ശമ്പളത്തോടുള്ള നന്ദിയല്ല. സാമൂഹികബോധമാണ് അവരെ നയിക്കുന്നത്. കടുത്ത മടുപ്പിനെ മറികടക്കുന്നതും ഇതേ സാമൂഹിക ബോധമുപയോഗിച്ചാണ്. എണ്ണയിട്ട യന്ത്രം പോലെ മനുഷ്യർ പണിയെടുക്കുന്നത് ആ സോഷ്യൽ കമ്മിറ്റ്മെന്റിലാണ്.

അവരേയൊക്കെ നോക്കി കൊഞ്ഞനം കുത്തലല്ലേ ഈ ഫോട്ടോയിൽ നാം കാണുന്നത്?

അവരുടെ മൊറൈൽ തകർന്നാൽ, "ആർക്ക് വേണ്ടിയാണ് ഞാനിതൊക്കെ പാലിക്കുന്നത്" എന്നു ജനത്തിന് തോന്നിയാൽ, ഒരുവർഷം കൊണ്ട് കെട്ടിയുണ്ടാക്കിയത് ഒക്കെ തകരാൻ അധിക ദിവസം വേണ്ടിവരില്ല.

ഇതിൽ തിരുവനന്തപുരം ജില്ലാ കളക്ടർ പരാതി നൽകി കേസെടുക്കണം. ഇന്നാട്ടിൽ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല. ഇപ്പറയുന്നത് എന്തെങ്കിലും ഔദാര്യത്തെപ്പറ്റി അല്ല. കടമയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in