വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണമെന്ന് എളമരം കരീം, യുഡിഎഫിനായി മാധ്യമവും മീഡിയ വണ്ണും എല്ലാ മര്യാദയും ലംഘിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണമെന്ന് എളമരം കരീം, യുഡിഎഫിനായി മാധ്യമവും മീഡിയ വണ്ണും എല്ലാ മര്യാദയും ലംഘിച്ചു

ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച് സിപിഐഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. ജമാഅത്തെ ഇസ്ലാമി രൂപംനല്‍കിയ 'വെല്‍ഫെയര്‍ പാര്‍ടി ' എത്രയും വേഗം പിരിച്ചുവിടുന്നത് ഉചിതമായിരിക്കുമെന്ന് എളമരം കരീം. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ 'പ്രച്ഛന്നവേഷം' കേരളത്തിലെ മുസ്ലിം ജനത തിരസ്‌കരിച്ചു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടെന്നും എളമരം. ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന 'ഹിന്ദുത്വ' പദ്ധതിയുടെ ഭാഗമായ ആക്രമണോത്സുകതയ്ക്ക് ന്യായീകരണം നല്‍കുന്ന ദൗത്യമല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലെന്നും എളമരം.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം, മീഡിയ വണ്‍ എന്നീ മാധ്യമസ്ഥാപനങ്ങളെയും ലേഖനത്തില്‍ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട്. നാമമാത്രമായ മണ്ഡലങ്ങളില്‍മാത്രം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ടി യുഡിഎഫിനെ വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ചു. 'മാധ്യമം ' ദിനപത്രവും 'മീഡിയാവണ്‍ ' ചാനലും എല്ലാ മര്യാദയും ലംഘിച്ചു. '' കേരളത്തിലെ മുസ്ലിങ്ങളില്‍ നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്ലാമിക്ക് ഉള്ളൂ. മുസ്ലിങ്ങളെ പ്രതിനിധാനംചെയ്യുന്നതില്‍ അംഗബലത്തിലും കര്‍മബലത്തിനും ശക്തമായ മറ്റു സാന്നിധ്യങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു പൊതുവേദി പ്രച്ഛന്ന വേഷങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ആര്‍ജിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രച്ഛന്നവേഷങ്ങള്‍ ഇല്ല.

മാധ്യമം ദിനപത്രം, വാരിക, മീഡിയ വണ്‍ ചാനല്‍ എന്നിവ പ്രച്ഛന്ന രൂപങ്ങളായിരുന്നു. അതേസമയം തങ്ങളുടെ ആശയാടിത്തറ വിശദീകരിക്കാന്‍ 'പ്രബോധനം' നിലനിര്‍ത്തി. ഭൂസമരങ്ങളിലേക്കും ദളിത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്. സോളിഡാരിറ്റി മറ്റൊരു പ്രച്ഛന്ന വേഷമായിരുന്നു. പുരയ്ക്കുമേല്‍ ചായുമെന്നായപ്പോള്‍ സോളിഡാരിറ്റിയെ അപ്രത്യക്ഷമാക്കിയ ജാലവിദ്യയും കേരളം കണ്ടു.'' എന്നും എളമരം കരീം.

എളമരം കരീമിന്റെ ലേഖനം

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമി രൂപംനൽകിയ ‘വെൽഫെയർ പാർടി ’ എത്രയും വേഗം പിരിച്ചുവിടുന്നത് ഉചിതമായിരിക്കും. തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ‘പ്രച്ഛന്നവേഷം’ കേരളത്തിലെ മുസ്ലിം ജനത തിരസ്കരിച്ചു എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ്. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ ക്രിയാത്മകമായ ഒരു പങ്കും വഹിക്കാൻ വെൽഫെയർ പാർടിക്കാകില്ല. സംഘപരിവാർ നേതൃത്വം നൽകുന്ന ‘ഹിന്ദുത്വ’ പദ്ധതിയുടെ ഭാഗമായ ആക്രമണോത്സുകതയ്ക്ക് ന്യായീകരണം നൽകുന്ന ദൗത്യമല്ലാതെ മറ്റൊന്നും അവർക്ക് നിർവഹിക്കാനില്ല.

ഇന്ത്യയുടെ ഏകോപനത്തിന്റെയും നിലനിൽപ്പിന്റെയും അടിസ്ഥാനം മതനിരപേക്ഷതയാണ്. രാജ്യത്തെ ബഹുസ്വരത അംഗീകരിക്കാതെ ഏകാത്മതാ വാദം ഉയർത്തുന്ന സംഘപരിവാറിന് ആയുധം നൽകുന്ന ജോലിയാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള മതരാഷ്ട്രവാദികൾ ചെയ്യുന്നത്. 2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. കപട ദേശഭക്തിയും സങ്കുചിത ദേശീയവാദവും ഉയർത്തി സംഘപരിവാർ ഭരണപരാജയം മറച്ചുവയ്ക്കുന്നു. 2014ൽ നൽകിയ ഒരു വാഗ്ദാനവും നിറവേറ്റാതെ 2019ൽ വീണ്ടും അധികാരമേറാൻ ബിജെപിയെ സഹായിച്ചത് പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള സംഭവങ്ങളുമാണ്. ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു കശ്‌മീരിനെ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയത് ജനങ്ങളെ ബന്ദികളാക്കിയാണ്.

ഒരേ തൂവൽപ്പക്ഷികൾ

സംഘപരിവാർ അജൻഡകൾ ഓരോന്നായി നടപ്പാക്കാനും ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനും ബിജെപി ആസൂത്രിതമായി നീങ്ങുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ മതവിശ്വാസികളിൽ ഒരു വിഭാഗം മതരാഷ്ട്രവാദം ഉയർത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാണ്. ‘ഹിന്ദുരാഷ്ട്രം’ എന്ന പദ്ധതിയെ ന്യായീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നതായിരിക്കും അത്തരം നിലപാടുകൾ. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ എല്ലാ മതവിശ്വാസികളെയും ഐക്യപ്പെടുത്തൽ മാത്രമാണ് സംഘപരിവാറിന് മറുപടി. ജമാഅത്തെ ഇസ്ലാമിയുടെ നീക്കം നേരെ എതിർദിശയിലാണ്. മുതലാളിത്തം മൂലധന വാഴ്ചയ്‌ക്കെതിരായ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നത് വംശീയത–-വർഗീയത–- സങ്കുചിത ദേശീയത തുടങ്ങിയ വാദങ്ങൾ ഉയർത്തിയാണ്. വിവിധ ദേശീയ ജനതയെ ഏകോപിപ്പിച്ച സോവിയറ്റ് യൂണിയൻ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രം ലോകത്തിനുതന്നെ മാതൃകയായിരുന്നു. സോഷ്യലിസ്റ്റ് ലോകത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെല്ലാം ദേശരാഷ്ട്രങ്ങൾ എന്ന സ്വപ്നം യാഥാർഥ്യമായത്.

എന്നാൽ, 1990ഓടെ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സാമ്രാജ്യത്വം വീണ്ടും കരുത്ത് നേടി. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ഗോത്രവർഗ സംസ്കാരത്തിൽനിന്ന് ജനാധിപത്യ സമൂഹമായി മാറിക്കൊണ്ടിരുന്ന അഫ്ഗാനിസ്ഥാനെ തകർക്കാനും ഇസ്ലാമിക ലോകത്ത് മേധാവിത്വം ഉറപ്പിക്കാനും അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിച്ചത് ഇസ്ലാമിക തീവ്രവാദത്തെയാണ്. ‘താലിബാൻ’ അമേരിക്കയുടെ സൃഷ്ടിയാണ്. ഈ തീവ്രവാദികൾക്കെതിരെ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് ഭരണകൂടത്തിന്റെ ഇടപെടലുകളെ പരസ്യമായി അധിക്ഷേപിച്ചവരാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സംഭവത്തെ മറയാക്കിയാണ് അമേരിക്ക ഇറാഖിനെ തകർത്തത്. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്തു. ലോകത്തിലെ പെട്രോളിയം സമ്പത്തിന്റെ ഗണ്യമായ ഭാഗം സാമ്രാജ്യത്വം കൈവശപ്പെടുത്തി. പശ്ചിമേഷ്യയുടെ സംരക്ഷണം എന്ന വാദം ഉയർത്തി, യുദ്ധ ചെലവിന്റെ ഗണ്യമായ പങ്ക് അറബ് രാഷ്ട്രങ്ങളിൽനിന്ന് ഈടാക്കി. ലിബിയയെ അട്ടിമറിക്കാൻ പിന്നീട് അധികസമയം എടുത്തില്ല. സിറിയയെ കീഴ്പെടുത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും റഷ്യൻ ഇടപെടൽ കാരണം സഫലീകരിക്കാൻ കഴിഞ്ഞില്ല. തങ്ങൾക്ക് തോന്നുംപോലെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ കീഴ്പ്പെടുത്താൻ അമേരിക്കൻ സാമ്രാജ്യത്വം എപ്പോഴും ഉപയോഗിക്കുന്നത് തീവ്രവാദവിരുദ്ധ പോരാട്ടം എന്ന പേരിലാണ്. നൈജീരിയയിലെ ബൊക്കോ ഹറാമിനെ നേരിട്ട രീതി മറ്റൊരുദാഹരണം.

ആധുനിക ലോകക്രമത്തിൽ ഇസ്ലാമിന്റെ രാഷ്ട്രീയപ്രയോഗമാണത്രേ ഇസ്ലാമിസ്റ്റുകൾ നിർവഹിക്കുന്നത്. ഈജിപ്തിലെ ഇഖവാനുൽ മുസ്ലിമൂൻ (മുസ്ലിം ബ്രദർഹുഡ്) സിറിയയിലെ ബ്രദർഹുഡ്, ടുണീഷ്യയിലെ അനഹ്ദ്, ഇറാഖിലെ ഐഎസ്, ബംഗ്ലാദേശ്–-പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ഒരേ ആശയക്കുടക്കീഴിൽ വരുന്നവരാണ്. ഇതിൽ അൽ ഖായ്ദയും അൽ ശബാബും പെടും. ഇന്ത്യയിൽ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ തകർത്ത് ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സ്വാധീനം വളർത്താൻ ശ്രമിക്കുന്ന സംഘപരിവാറിനും അവരുടെ യജമാനൻമാരായ അമേരിക്ക–-ഇസ്രയേൽ–-പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങൾക്കും അവസരമൊരുക്കുകയാണ് ഫലത്തിൽ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. 1991 മുതൽ കോൺഗ്രസുകാരും 1998, 2004 കാലത്തെ വാജ്പേയി സർക്കാരും 2014 മുതൽ മോഡി സർക്കാരും നടപ്പാക്കുന്നത് സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങളാണ്. പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതാണ് ഈ നയം. ഈ നയത്തിനെതിരെ യോജിച്ച പോരാട്ടത്തിനിറങ്ങുന്ന തൊഴിലാളി–-കർഷക–-ജനതയെ ഭിന്നിപ്പിക്കാനാണ് വർഗീയതയെ ഉപയോഗിക്കുന്നത്. ഈ നയങ്ങളെ എതിർക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വർഗസംഘടനകളുമാണ്. ബൂർഷ്വാ പാർടിയായ കോൺഗ്രസിന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്താൻ കഴിയില്ല.

ഏതെങ്കിലും സംസ്ഥാനത്ത് അധികാരം ലഭിക്കുമ്പോൾ ബദൽ നയങ്ങൾ നടപ്പാക്കി ജനങ്ങളിൽ ആത്മവിശ്വാസം ഉയർത്തുന്നതും ഇടതുപക്ഷമാണ്. വർഗീയതയ്ക്കും ജനാധിപത്യധ്വംസന നടപടികൾക്കുമെതിരെ ഒരിക്കലും ഇടതുപക്ഷം വിട്ടുവീഴ്ച ചെയ്തിട്ടില്ല. സംഘപരിവാർ ഭീഷണികളെയും വർഗീയ ആക്രമണങ്ങളെയും ചെറുക്കുന്നതിലും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. ആ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാൻ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ച വികാരം എന്തായിരിക്കും? സാമ്രാജ്യത്വ ഏജൻസിപ്പണിയല്ലാതെ ഇത് മറ്റെന്താണ്? അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള ജനാധിപത്യ കശാപ്പും ബാബ്‌റി മസ്ജിദ് പ്രശ്നത്തിൽ ഉൾപ്പെടെ ‘മൃദുഹിന്ദുത്വ’ നിലപാടും സ്വീകരിച്ച കോൺഗ്രസിനെ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ രാഷ്ട്രീയ ധാർമികത എന്താണ്? ഇവരെയെല്ലാം സൂചിപ്പിക്കുന്ന ഘടകം നേരത്തേ വിശദീകരിച്ചതാണ്.

പ്രസക്‌തി നഷ്‌ടമായ വെൽഫയർ പാർടി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനേ കഴിയൂ എന്ന പ്രചാരണം അൽപ്പം കാറ്റുപിടിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഈ പ്രചാരണം ശക്തിപ്പെട്ടു. മധ്യപ്രദേശ്‌, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വിജയം ജനങ്ങളെ വ്യാമോഹത്തിലാക്കി. ഈ സന്ദർഭത്തെയാണ് യുഡിഎഫിനൊപ്പം ചേർന്ന് ജമാഅത്തെ ഇസ്ലാമി എൽഡിഎഫിനെതിരായി ഉപയോഗിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഒരു സർക്കാർ രൂപം കൊള്ളാനുള്ള സാധ്യത സ്വപ്നം കണ്ട ഒരു വിഭാഗം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തു. 20ൽ 19 സീറ്റും യുഡിഎഫ് നേടി. എൽഡിഎഫിന്റെ പരാജയത്തിൽ യുഡിഎഫിനേക്കാളും ആവേശംകൊണ്ടത് ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർടിയുമായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർടി സമ്പൂർണ സഖ്യമുണ്ടാക്കിയിട്ടും എൽഡിഎഫിന്റെ വിജയം തടയാനായില്ല. സഖ്യം സംബന്ധിച്ച് യുഡിഎഫിൽ ഭിന്നസ്വരമുയർന്നു. പരസ്യമായ മുന്നണി രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. നാമമാത്രമായ മണ്ഡലങ്ങളിൽമാത്രം സ്വന്തം സ്ഥാനാർഥികളെ നിർത്തി വെൽഫെയർ പാർടി യുഡിഎഫിനെ വിജയിപ്പിക്കാൻ അഹോരാത്രം അധ്വാനിച്ചു. ‘മാധ്യമം ’ ദിനപത്രവും ‘മീഡിയാവൺ ’ ചാനലും എല്ലാ മര്യാദയും ലംഘിച്ചു.

വെൽഫെയർ പാർടി ആകെ 19 സീറ്റിൽ മാത്രമാണ് മത്സരിച്ചത്. എല്ലാം തോറ്റു എന്ന് മാത്രമല്ല, ഭൂരിപക്ഷ മണ്ഡലങ്ങളിലും 2016ലെ വോട്ട് നിലനിർത്താൻപോലും കഴിഞ്ഞില്ല. 2019ൽ യുഡിഎഫിനുണ്ടായ വിജയം മുൻനിർത്തി കേരള രാഷ്ട്രീയത്തിൽ തങ്ങൾക്കുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കരുതിയ ‘നിർണായക സ്വാധീനം’ ആവിയായിപ്പോയി. ഇനിയും ഒരു രാഷ്ട്രീയ പാർടിയായി വെൽഫെയർ പാർടി തുടരുന്നതിന്റെ യുക്തി എന്താണ്?

ഇന്ത്യൻ ദേശീയ പ്രസ്ഥാനം ജ്വലിച്ചുനിന്ന കാലത്ത് നാൽപ്പതുകളുടെ ആരംഭത്തിൽ ദേശീയത എന്ന തത്വത്തെ നിരാകരിച്ച് സ്വന്തം നിലയിൽ ഖുർആൻ വ്യാഖ്യാനിച്ച് ദീൻ എന്ന മൗലീക സങ്കൽപ്പത്തിന് രാഷ്ട്രീയമായ അർഥം നൽകി. മൗലാന അബുൽ അ അ്‌ലാ മൗദൂദി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തിന്റെ സംഘടനാരൂപമായി ജൻമംകൊണ്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കേരളത്തിൽ പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകളിൽ ഒന്നായി ജമാഅത്തെ ഇസ്ലാമിയെ കണക്കാക്കാനാകില്ല. കാരണം അത് മുസ്ലിങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിലെ സംഘാടനമായി നിലനിൽക്കുന്ന ഒന്നല്ല, മറിച്ച് കൃത്യമായ കക്ഷി രാഷ്ട്രീയ നിലപാടോടെ ഇടതുപക്ഷം ഉൾപ്പെടെ വിഹരിക്കുന്ന പൊതു രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ്. ആർഎസ്‌എസ് ഒരു ഹിന്ദു ആത്മീയ സംഘടന എന്ന നിലയിലല്ല, “ഹിന്ദുത്വ”യെ പ്രയോഗിക്കുന്ന ഒരു രാഷ്ട്രീയ സംഘാടനമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ വിമർശങ്ങളുടെ കേന്ദ്രമായി അത് മാറുന്നത്. സമാന സ്വഭാവമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അത് തരാതരംപോലെ ഇസ്ലാം മതത്തിന്റെ ആത്മീയ വ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനയാണ്. തെരഞ്ഞെടുപ്പിൽ നേരിട്ടിടപെട്ടതിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ പ്രശ്നം മുസ്ലിം പ്രശ്നമല്ല എന്നവർ വിളംബരം ചെയ്തു.

ഇസ്ലാം കേവലം ഒരു രാഷ്ട്രീയപ്രസ്ഥാനം മാത്രമാണെന്ന് ചുരുക്കിക്കെട്ടിയാണ് ജമാഅത്തെയുടെ പിറവി. മുസ്ലിമിന്റെ പ്രഥമ ദൗത്യം ഇസ്ലാമിക ഭരണസ്ഥാപനമാണെന്ന തികഞ്ഞ രാഷ്ട്രീയവാദമാണ് ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറ. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തീർത്തും എതിർത്തുകൊണ്ടുള്ള നിലപാടാണ് അവരുടേത്. അടിമവേല എന്ന സിദ്ധാന്തം അവതരിപ്പിച്ചു സർക്കാർ സർവീസിൽ ചേരൽ മതവിരുദ്ധമാണെന്ന് ഒരിക്കൽ അവർ പ്രഖ്യാപിച്ചു(പിന്നീട് തിരുത്തി).

കേരളത്തിലെ മുസ്ലിങ്ങളിൽ നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്ലാമിക്ക് ഉള്ളൂ. മുസ്ലിങ്ങളെ പ്രതിനിധാനംചെയ്യുന്നതിൽ അംഗബലത്തിലും കർമബലത്തിനും ശക്തമായ മറ്റു സാന്നിധ്യങ്ങൾ നിലവിലുണ്ട്. പക്ഷേ, അവർക്കാർക്കുമില്ലാത്ത ഒരു പൊതുവേദി പ്രച്ഛന്ന വേഷങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ആർജിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങൾക്ക് പ്രച്ഛന്നവേഷങ്ങൾ ഇല്ല. മാധ്യമം ദിനപത്രം, വാരിക, മീഡിയ വൺ ചാനൽ എന്നിവ പ്രച്ഛന്ന രൂപങ്ങളായിരുന്നു. അതേസമയം തങ്ങളുടെ ആശയാടിത്തറ വിശദീകരിക്കാൻ ‘പ്രബോധനം’ നിലനിർത്തി. ഭൂസമരങ്ങളിലേക്കും ദളിത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്നങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേൽപ്പറഞ്ഞ മാധ്യമങ്ങളാണ്. സോളിഡാരിറ്റി മറ്റൊരു പ്രച്ഛന്ന വേഷമായിരുന്നു. പുരയ്‌ക്കുമേൽ ചായുമെന്നായപ്പോൾ സോളിഡാരിറ്റിയെ അപ്രത്യക്ഷമാക്കിയ ജാലവിദ്യയും കേരളം കണ്ടു.

രാജ്യം സംഘപരിവാറിന്റെ അധീനതയിലായ സാഹചര്യം വന്നപ്പോൾ മതരാഷ്ട്രീയത്തിന്റെ പ്രച്ഛന്നതയ്‌ക്കുള്ളിൽ നിന്നുകൊണ്ട് ഹിന്ദുത്വയെ വിമർശിക്കാനോ എതിർക്കാനോ കഴിയില്ലെന്ന് സെക്കുലർ മനുഷ്യർ മനസ്സിലാക്കി. ഈ ഘട്ടത്തിൽ മാധ്യമം മാറി. പണ്ട് പി കെ ബാലകൃഷ്ണൻ, സി രാധാകൃഷ്ണൻ തുടങ്ങിയവർ ഉന്നത സ്ഥാനം വഹിച്ചിരുന്ന ‘മാധ്യമം’ പത്രത്തിന്റെ മേൽസ്ഥാനങ്ങളിലേക്ക് ജമാഅത്തെ പ്രവർത്തകരും തീവ്രമതവാദികളും കടന്നുവന്നു. കഴിവ് മാത്രം മാനദണ്ഡമാക്കേണ്ട എഡിറ്റോറിയൽ പദവികൾ അങ്ങനെ അല്ലാതായി. രാഷ്ട്രീയവുമായി മതത്തെ കൂട്ടിക്കെട്ടിയാൽ മതം പാട്ടിനു പോവുകയും രാഷ്ട്രീയം നിലനിൽക്കുകയും ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സംവിധാനത്തെ ഇതുവരെ സംരക്ഷിച്ചുപോന്ന മതം അതിനെ ഉപേക്ഷിച്ചു പോയിരിക്കുന്നു. ബാക്കിനിൽക്കുന്നത് മതരാഷ്ട്രീയം അഥവാ വർഗീയ തീവ്രവാദ രാഷ്ട്രീയംമാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in