നടൻ പിസി ജോർജ് അന്തരിച്ചു

നടൻ പിസി ജോർജ് അന്തരിച്ചു

എറണാകുളം : നടൻ പി സി ജോർജ് അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് പി.സി ജോർജ് ശ്രദ്ധേയനാകുന്നത്. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സംഘം സിനിമയിലെ പ്രായിക്കര അപ്പ എക്കാലത്തും ഓർക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്. കെ.ജി. ജോർജ്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 68 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

അംബ അംബിക അംബാലിക എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ്‌, സുബ്രഹ്മണ്യൻ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

ചെറുപ്പം മുതൽ തന്നെ സിനിമയോടും നാടകങ്ങളോടും പി.സി ജോർജിന് താത്പര്യമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥനുമായിരുന്നു അദ്ദേഹം. പ്രൊഫഷനൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പൊലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു.

ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in