'പ്രതിച്ഛായ കെട്ടിപ്പെടുത്താൽ മാത്രം പോര, മനുഷ്യത്വമില്ലാത്തവരെ മാത്രമേ ഈ കാഴ്ച വേദനിപ്പിക്കാതിരിക്കൂ'; കേന്ദ്രത്തിനെതിരെ അനുപം ഖേർ

'പ്രതിച്ഛായ കെട്ടിപ്പെടുത്താൽ മാത്രം പോര, മനുഷ്യത്വമില്ലാത്തവരെ മാത്രമേ ഈ കാഴ്ച വേദനിപ്പിക്കാതിരിക്കൂ'; കേന്ദ്രത്തിനെതിരെ  അനുപം ഖേർ

ന്യൂദൽഹി:കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് അനുപം ഖേർ പറഞ്ഞത്. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു.

രാജ്യത്തെ കോവിഡ് പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ഖേർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ കുറ്റപ്പെടുത്തി. നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂവെന്നും അനുപം ഖേർ പറഞ്ഞു. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റുപാർട്ടികൾ ഇവ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.

പൊതുവേ മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേർ. രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കറും മുന്നോട്ടു വന്നിരുന്നു. പ്രതിദിന രോ​ഗികളുടെ എണ്ണം നാലു ലക്ഷം കടക്കുന്നത് വലിയ ഭീതിയാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അപര്യാപ്തമായ വാക്സിൻ പോളിസിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in