'ആലോചിച്ചുണ്ടാക്കിയ നയം'; വാക്സിൻ പോളിസിയിൽ ഇടപെടേണ്ടെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

'ആലോചിച്ചുണ്ടാക്കിയ നയം'; വാക്സിൻ പോളിസിയിൽ ഇടപെടേണ്ടെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ന്യൂദൽഹി: രാജ്യം മുഴുവൻ തുല്യമായ രീതിയിൽ വാക്സിൻ വിതരണം ഉറപ്പാക്കുന്നതിനായാണ് വാക്സിനേഷൻ നയം രൂപീകരിച്ചതെന്ന് കേന്ദ്രം സുപ്രീം കോടതിയോട്. വാക്സിനേഷൻ പോളിസിയിൽ കോടതി ഇടപെടേണ്ടതില്ലെന്നും രാജ്യത്തെ അതിതീവ്രമായി ബാധിച്ച മഹാമാരിയെ നേരിടുമ്പോൾ എക്സിക്യൂട്ടീവിന് പൊതുതാത്പര്യം കൂടി പരി​ഗണിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകണമെന്നും സുപ്രീം കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകി.

വാക്സിനുകളുടെ പരിമിതമായ ലഭ്യത, ദുർബലത, മഹാമാരി പെട്ടെന്ന് പടരുന്നതുകൊണ്ട് ഒറ്റയടിക്ക് വാക്സിനേഷൻ സാധ്യമാകില്ല തുടങ്ങിയ കാര്യങ്ങൾ പരി​ഗണിച്ചുകൊണ്ടാണ് വാക്സിനേഷൻ നയം രൂപീകരിച്ചതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

തങ്ങളുടെ വാക്സിൻ നയം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കൾ 21 എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. വിദ​ഗ്ധരുമായും, സംസ്ഥാന സർക്കാരുകളുമായും, വാക്സിൻ നിർമ്മാതാക്കളുമായും നിരവധി തവണ ആലോചിച്ച് ചർച്ച ചെയ്ത ശേഷമാണ് നയം രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.

ഏപ്രിൽ 30ന് കേന്ദ്ര സർക്കാരിന്റെ വാക്സിൻ പോളിസി പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പോളിസി പ്രഥമ ദ്യഷ്ടിയിൽ തന്നെ ആർട്ടിക്കിൾ 21 ലെ പൊതുജനാരോ​ഗ്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്നായിരുന്നു കോടതി ചൂണ്ടിക്കാണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in