ബിനീഷ് കൊടിയേരിക്ക് ജാമ്യം അനുവദിക്കാത്തത് എന്ത് കൊണ്ടാണെന്ന് ഹരീഷ് പേരടി

ബിനീഷ് കൊടിയേരിക്ക്  ജാമ്യം അനുവദിക്കാത്തത് എന്ത് കൊണ്ടാണെന്ന്  ഹരീഷ് പേരടി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ജാമ്യം അനുവദിക്കാത്തതിനെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി. അസുഖ ബാധിതനായ സ്വന്തം അച്ഛനെ പോലും കാണാന്‍ അനുവദിക്കാത്ത എന്ത് കുറ്റമാണ് അയാള്‍ ചെയ്തതെന്ന് ഹരീഷ് പേരടി ചോദിച്ചു. സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് കുറിപ്പ്

ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?..നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം...പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല...ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല...അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം...പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല ...ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്...

ബംഗളൂരു മയക്കുമരുന്ന് കേസിൽ എന്‍ഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബോസ് ആയിരുന്നു ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തിലുണ്ടായിരുന്നത് . കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളായ ബിനീഷ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയെന്നും കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന് 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്തതായി മറ്റ് പ്രതികൾ മൊഴി നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in