പരസ്യമായി ബലാല്‍സംഗം ചെയ്യണമെന്നും വധിക്കുമെന്നും ഭീഷണി, ലേഖികക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്

asianet news channel
asianet news channel

ബംഗാള്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചാനലിലേക്ക് ഫോണ്‍ വിളിച്ചയാളോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്കെതിരെ ബലാല്‍സംഗഭീഷണിയും വധഭീഷണിയും തുടരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ്.

ലേഖിക തെറ്റ് പരസ്യപ്പെടുത്തി, എഡിറ്റര്‍ ഖേദമറിയിച്ചു, എന്നിട്ടും നിഷ്ഠൂര ബലാത്സംഗ-വധ ഭീഷണി; കൂട്ടംതെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് കരുതേണ്ട, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ചാനല്‍ വ്യക്തമാക്കി. നമസ്‌തേ കേരളം പരിപാടിക്കിടെയാണ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി.സുരേഷ് കുമാര്‍ ചാനല്‍ നിയമനടപടികളുമായി നീങ്ങുമെന്ന് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ഫേസ്ബുക്കിലും സംഘപരിവാര്‍ അനുയായികള്‍ സൈബര്‍ ലിഞ്ചിംഗ് തുടരുകയാണ്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അക്രമം റിപ്പോര്‍ട്ട് ചെയ്യാത്തത് എന്താണെന്ന സംഘപരിവാര്‍ അനുഭാവിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പരിധി വിട്ട് സംസാരിച്ചെന്നായിരുന്നു പരാതി. ഫോണ്‍ റെക്കോര്‍ഡ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും മാധ്യമപ്രവര്‍ത്തകയും ക്ഷമാപണം നടത്തിയിരുന്നു.

ലേഖികക്കെതിരെ ഭീഷണി തുടരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ്

ബംഗാള്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രേക്ഷകരിലൊരാള്‍ ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരിലൊരാള്‍ അവരോട് സംസാരിച്ച രീതി പരിധി വിട്ടു. അതില്‍ സ്ഥാപനത്തിന് തന്നെ ആ തെറ്റ് ബോധ്യപ്പെടുകയും ഞങ്ങളുടെ എഡിറ്റര്‍ ഖേദമറിയിക്കുകയും ചെയ്തു. ആ വീഴ്ചവരുത്തിയ ലേഖിക തന്നെ തന്റെ തെറ്റ് പരസ്യപ്പെടുത്തുകയും ചെയ്തു. മാതൃകാപരമായ നടപടി ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയില്‍ എടുത്തു എന്ന് എഡിറ്റര്‍ പരസ്യമായി അറിയിച്ചിരുന്നു. അതിന് ശേഷവും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ പ്രചരണം ഒരുഭാഗത്ത് നടക്കുകയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും അതൊരു വീഴ്ചയായി കണ്ട് സ്വയം തിരുത്തുകയും സ്ഥാപനം മാതൃകാപരമായ നടപടിയെടുക്കുകയും ചെയ്തതിന് ശേഷവും സ്ഥാപനത്തിനെതിരെ നടക്കുന്ന ആഹ്വാനങ്ങള്‍ ഒരു പരിധിവരെ വേണമെങ്കില്‍ മനസിലാക്കാം. മുമ്പും അനുഭവങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ, ആ ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നും ഉള്ള തരത്തില്‍ അതിനിഷ്ഠൂരമായ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെ പോലും നടത്തരുതാത്ത അതിക്രൂരമായ സൈബര്‍ കൊട്ടേഷന്‍ സംഘങ്ങളാണ് ഈ ആക്രമണത്തിന് ആഹ്വാനം നല്‍കുന്നത്. അത് മുഖമില്ലാത്തവരുടെ മാത്രമല്ല, മുഖമുള്ളവരുമുണ്ട് ഈ ആഹ്വാനത്തിന് പിന്നില്‍. അത് അങ്ങേയറ്റം അപലപനീയമാണ്. അത് വകവെച്ചുകൊടുക്കുന്ന പ്രശ്നമില്ല. തെറ്റുതിരുത്തി എന്ന് പറയുമ്പോള്‍ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞു കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അത് വകവെച്ചുകൊടുക്കുന്ന പ്രശ്‌നമില്ല.

അതിന് നിന്നുകൊടുക്കുന്ന പ്രശ്നമില്ല. അതിശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് വളരെ സ്നേഹത്തോടുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കാരണം, ഉത്തരവാദിത്വപ്പെട്ട സ്ഥാപനമെന്നുള്ള നിലയ്ക്ക് വളരെ മാന്യമായ നടപടിയായിരുന്നു, അത് തിരുത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in