മുഖ്യമന്ത്രി പദവിയെ ചൊല്ലി നേതാക്കൾ പോരിൽ; അസമിൽ പതറി ബി.ജെ.പി

മുഖ്യമന്ത്രി പദവിയെ ചൊല്ലി നേതാക്കൾ പോരിൽ; അസമിൽ പതറി ബി.ജെ.പി

ന്യൂദൽഹി: അസം തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി നേതൃത്വം. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും, മുതിർന്ന ബി.ജെ.പി നേതാവും ആരോ​ഗ്യമന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശർമ്മയും മുഖ്യമന്ത്രി പദവി തന്നെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നം ബി.ജെ.പി നേതൃത്വത്തിന് കീറാമുട്ടിയായത്.

ശനിയാഴ്ച പ്രശ്ന പരിഹാരത്തിന് ഇരുവരും ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും കണ്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹിമാന്ത ബിശ്വാസ് ശർമ്മയാണ് ജെ.പി നദ്ദയുടെ വസതിയിൽ ആദ്യമെത്തിയത്. ഒരു മണിക്കൂറോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടു. അമിത് ഷായും, ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും ചർച്ചയിൽ പങ്കെടുത്തു എന്നാണ് സൂചനകൾ.

മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയിലെ വിഭാ​ഗീയത കൂട്ടുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് പാർട്ടിയിലെ പ്രധാനപ്പെട്ട രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ തിരിച്ചടിയായേക്കുമെന്ന് അറിയാം.

ഹിമാന്ത ബിശ്വാസ് ശർമ്മ പോയതിന് പിന്നാലെയാണ് സർബാനന്ത സോനോവാൾ ചർച്ചയ്ക്കെത്തിയത്.ഇവരിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്നത് ബി.ജെ.പിക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്. സോനോവാൾ-കച്ചരി വിഭാ​ഗത്തിൽപ്പെടുന്ന സർബാനന്ദ സോനോവാളിന് ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായയാണുള്ളത്. അതേ സമയം ഹിമാന്ത ബിശ്വാസ് ശർമ്മയേയും പിണക്കാൻ ബി.ജെ.പി കഴിയില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയായിരുന്നു ബി.ജെ.പി അസമിൽ തെരഞ്ഞടുപ്പ് പ്രചരണം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in