'മുരളി ഒരു ഇരുതലവാളായിരുന്നു'; നേമത്ത് ശിവന്‍കുട്ടി ജയിച്ചത് വോട്ടര്‍മാരുടെ ജാഗ്രതകൊണ്ടെന്ന് എന്‍.എസ് മാധവന്‍

'മുരളി ഒരു ഇരുതലവാളായിരുന്നു'; നേമത്ത് ശിവന്‍കുട്ടി ജയിച്ചത് വോട്ടര്‍മാരുടെ ജാഗ്രതകൊണ്ടെന്ന് എന്‍.എസ് മാധവന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരനാണെന്ന് പറയുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍.

മുരളി ഒരു ഇരുതലവാളായിരുന്നെന്നും, അദ്ദേഹത്തിന് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാത്തത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ട് മാത്രമാണെന്നും എന്‍.എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ശിവന്‍കുട്ടി നേമത്ത് ജയിച്ചത് മുരളി കാരണമാണെന്ന കഥ മെനയുന്നവര്‍, മുരളി ഒരു ഇരുതലവാളായിരുന്നെന്ന് മറന്നു. അദ്ദേഹം ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടുമാത്രം. ശിവന്‍കുട്ടി ജയിച്ചത് ജനം കാരണം മാത്രമാണു.
എന്‍.എസ് മാധവന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് നേമത്ത് വിജയിച്ചത്. ഇവിടെ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കുമ്മനം രാജശേഖരനെയായിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്. നേമം പിടിച്ചെടുക്കാന്‍ യുഡിഎഫ് കളത്തിലിറക്കിയത് കെ മുരളീധരനെ ആയിരുന്നു. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവില്‍ ശിവന്‍ കുട്ടി വിജയക്കൊടി പാറിക്കുകയായിരുന്നു.

2016ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഒ രാജഗോപാലിലൂടെ ഇവിടെ അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ബിജെപി നേടിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി.

Related Stories

No stories found.
logo
The Cue
www.thecue.in