'അഴിമതിയും കൊള്ളയും ഇല്ലാതാകുന്നില്ല'; അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തല

'അഴിമതിയും കൊള്ളയും ഇല്ലാതാകുന്നില്ല'; അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തല

യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയകാരണം മുന്നണി വിലയിരുത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നു. എവിടെയാണ് പാളിച്ചകളെന്ന് യുഡിഎഫ് കൂട്ടായി വിലയിരുത്തും. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുമുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയം കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കുകയെന്ന പ്രതിപക്ഷ ധര്‍മ്മം വിജയിച്ചു. പരാജയ കാരണങ്ങള്‍ പരിശോധിക്കും. വിലയിരുത്തിയ ശേഷം മാറ്റങ്ങള്‍ എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കടുത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്.

പുതുപ്പള്ളിയില്‍ കേവലം 8504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി എല്‍.ഡി.എഫിന്റെ ജെയ്ക്ക് തോമസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടുകളായിരുന്നു.

ശക്തമായ മത്സരമാണ് ജെയ്ക്ക് സി. തോമസ് ഇക്കുറി പുതുപ്പള്ളിയില്‍ കാഴ്ചവെച്ചത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത് യുഡിഎഫിനെ അല്‍പ്പം വിറപ്പിച്ചെങ്കിലും 8000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി വിജയിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയിരുന്നു. പല പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടിയുടെ ലീഡ് നിലയില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തവണ 3000ത്തിലധികം വോട്ടിന്റെ ലീഡ് നേടിയ പാമ്പാടിയില്‍ ഇത്തവണ 750 വോട്ടിന്റെ ലീഡ് മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാനായത്.

No stories found.
The Cue
www.thecue.in