തൃണമൂല്‍ വിയര്‍ക്കുന്നു; നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍

തൃണമൂല്‍ വിയര്‍ക്കുന്നു; നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം മണ്ഡലത്തിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമത ബാനര്‍ജി പിന്നില്‍. തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മമതയുടെ അടുത്ത അനുയായി കൂടിയായ സുവേന്ദു അധികാരിയാണ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നത്. രാവിലെ 9 മണിവരെയുള്ള കണക്ക് പ്രകാരം 2000 വോട്ടിനാണ് മമത ബാനര്‍ജി പിന്നില്‍.

നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളുടെ ചുവടുപിടിച്ചാണ് മമത ബാനര്‍ജി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തത്. അന്ന് മമതയോടൊപ്പം സമരപരിപാടികളില്‍ നേതൃത്വം പങ്കിട്ടയാളുകൂടിയായിരുന്നു സുവേന്ദു അധികാരി. നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമായിരിക്കും നടക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മമതയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ എന്ത് സംഭവിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകവുമാണ്. ദേശീയ നേതാക്കളെ ഉള്‍പ്പെടെ അണിനിരത്തി വലിയ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പ് തന്നെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പശ്ചിമ ബംഗാളില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി ഘട്ടങ്ങളിലായി പ്രചാരണത്തിന് പശ്ചിമ ബംഗാളില്‍ എത്തുകയും ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in