ടി.പിക്ക് സമര്‍പ്പിക്കുന്നു; ഇടതുകോട്ടയില്‍ കെ.കെ രമയുടെ ചരിത്രവിജയം

ടി.പിക്ക് സമര്‍പ്പിക്കുന്നു; ഇടതുകോട്ടയില്‍ കെ.കെ രമയുടെ ചരിത്രവിജയം

ഈ വിജയം ടി.പിക്ക് സമര്‍പ്പിക്കുന്നു. അരുംകൊലക്ക് ഈ നാട് നല്‍കിയ മറുപടിയാണ്. ഇടതുകോട്ടയായ വടകരയില്‍ ചരിത്ര വിജയം നേടിയ കെ.കെ രമയുടെ ആദ്യ പ്രതികരണം ഇങ്ങനെയാണ്.ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലിലേക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സി.പി.എമ്മിന് രാഷ്ട്രീയ തിരിച്ചടി നല്‍കിയുള്ള വിജയം. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനായതാണ് ആര്‍.എം.പിയുടെ വിജയത്തിന് കാരണമായത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കെ.കെ രമയ്ക്കായിരുന്നു ലീഡ്. ഇടതു സ്ഥാനാര്‍ത്ഥി എല്‍.ജെ.ഡിയിലെ മനയത്ത് ചന്ദ്രന് ഒരുഘട്ടത്തില്‍ പോലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ഭരണം ഉറപ്പിച്ച ഇടതുപക്ഷത്തിന്റെ ആധികാരിക വിജയത്തിന്റെ ശോഭ ചെറുതായെങ്കിലും മങ്ങലേല്‍പ്പിക്കുന്നതാണ്.

കെ.കെ രമയെ മത്സരിപ്പിച്ച് കേരളത്തിലങ്ങോളമിങ്ങോളം കൊലപാതക രാഷ്ട്രീയം ചര്‍ച്ച വിഷയമാക്കുകയായിരുന്നു യു.ഡി.എഫിന്റെ തന്ത്രം. ആതോടൊപ്പം കെ.കെ രമയ്‌ക്കെതിരെ സൈബര്‍ ഇടത്തില്‍ സി.പി.എം അണികള്‍ വ്യക്തി അധിക്ഷേപം നടത്തുമെന്നും കണക്കുകൂട്ടി. എന്നാല്‍ കെ.കെ രമയ്‌ക്കെതിരെ സി.പി.എം നേതൃത്വവും അണികളും മൗനം പാലിക്കുകയായിരുന്നു.

സി.പി.എമ്മിന് വലതുപക്ഷവത്കരണം സംഭവിക്കുന്നുവെന്ന കാരണം പറഞ്ഞ് 2000ത്തിന്റെ തുടക്കം മുതലുള്ള ഉള്‍പാര്‍ട്ടി കലാപത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പുറത്ത് പോയത്. ഇടതു ബദല്‍ രൂപീകരിക്കുമെന്ന അവകാശവാദങ്ങള്‍ ഒഞ്ചിയത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ മാത്രം ഒതുങ്ങിയെന്നതാണ് ആര്‍.പി.എം നേരിട്ട വിമര്‍ശനങ്ങളിലൊന്ന്. സി.പി.എമ്മിന് തീവ്രത പോരെന്ന് പറഞ്ഞവര്‍ വലതുപാളയത്തിലെത്തിയെന്നും ആക്ഷേപം നേരിട്ടു. വടകര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യം ഒളിഞ്ഞും പിന്നീട് തെളിഞ്ഞും യു.ഡി.എഫുമായി കൂട്ടുകെട്ടുണ്ടാക്കി.

പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞു പോയവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സി.പി.എം നേതൃത്വം നടത്തിയിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കുലംകുത്തി പരാമര്‍ശം വിമതരില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. ഇതിനിടെ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുകയും സി.പി.എമ്മിലെ പ്രാദേശിക നേതാക്കള്‍ പ്രതികളാവുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തെ യു.ഡി.എഫ് കൃത്യമായി ഉപയോഗിച്ചു. ഒഞ്ചിയം എന്ന രക്തസാക്ഷി മണ്ണിലേക്ക് കടന്നു കയറാന്‍ യു.ഡി.എഫിന് ആര്‍.എം.പി പാലമായി. ആദ്യം ഒന്ന് പതറിയെങ്കിലും പഞ്ചായത്തുകളില്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ സി.പി.എം നടത്തിക്കൊണ്ടിരുന്നു.

ഉറച്ച സീറ്റായി ഇടതുപക്ഷം എഴുതിവെച്ച വടകര ലോക്‌സഭ മണ്ഡലത്തില്‍ കണ്ണൂരിലെ കരുത്തന്‍ പി.ജയരാജനെ ഇറക്കിയിട്ട് പോലും പിന്നീട് സി.പി.എമ്മിന് ജയിക്കാനായില്ല. ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനെതിനെ വിജയം നേടിയെങ്കിലും വടകര നിയമസഭ മണ്ഡലം ഇടതിനൊപ്പം നിന്നുവെന്നത് ആര്‍.എം.പിക്കും യു.ഡി.എഫിനും ഒരുപോലെ ക്ഷീണമായിരുന്നു. വേവ്വേറെ മത്സരിക്കുന്നുവെന്നത് ഇടതുവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒറ്റ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മാറിചിന്തിക്കാന്‍ ഇരുനേതൃത്വത്തെ പ്രേരിപ്പിച്ചത്.

ആര്‍.എം.പിയുടെ രൂപീകരണ കാലം മുതല്‍ പിന്തുണ നല്‍കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ അകലുകയും വടകരയിലെ എം.പി കെ.മുരളീധരന്‍ അടുക്കുകയും ചെയ്തതാണ് നിയമസഭ തെരഞ്ഞെടുപ്പിലെ നിര്‍ണായക തീരുമാനത്തിലേക്ക് എത്തിച്ചത്. കെ.കെ രമ മത്സരിക്കണമെന്ന് കെ.മുരളീധരനും മുസ്ലിംലീഗ് നേതൃത്വവും ആവശ്യപ്പെട്ടു. വടകര സീറ്റ് ഏറ്റെടുത്ത് കെ.കെ രമയെ മത്സരിപ്പിക്കുന്ന കാര്യം വരെ മുസ്ലിംലീഗ് നേതൃത്വം ആലോചിച്ചിരുന്നു. ഈ തന്ത്രമാണ് വടകരയില്‍ വിജയിച്ചത്.

No stories found.
The Cue
www.thecue.in