ഉറപ്പിനൊപ്പം കേരളം; രണ്ടാമതും ആഞ്ഞുവീശി ഇടതുതരംഗം; യു.ഡി.എഫിന് അടിപതറുന്നു

ഉറപ്പിനൊപ്പം കേരളം; രണ്ടാമതും ആഞ്ഞുവീശി ഇടതുതരംഗം; യു.ഡി.എഫിന് അടിപതറുന്നു

തിരുവനന്തപുരം: എക്‌സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. പതിനാല് ജില്ലകളിലെയും ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ചിടത്ത് ഒരു പരിധിവരെ കാര്യങ്ങള്‍ എത്തിയെന്ന് വേണം അനുമാനിക്കാന്‍. തിരുവനന്തപുരത്ത് പതിനാല് മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്റ ആദ്യ മണിക്കൂറ് മുതല്‍ തന്നെ സുരക്ഷിതമായ ലീഡ് നില നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിര്‍ണായകമായ അഴീക്കോട്, പേരാവൂര്‍ മണ്ഡലങ്ങളിലും ആദ്യഘട്ടം മുതല്‍ തന്നെ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നുണ്ട്. അഴീക്കോട് മുസ്ലിം ലീഗിന്റെ കെ.എം ഷാജിക്കെതിരെ കൃത്യമായ ലീഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച മുന്നേറ്റമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഴ്ചവെച്ചിരിക്കുന്നത്. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. തോമസ് ഐസക്, ജി.സുധാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ അഭാവത്തിലും ഹരിപ്പാടൊഴികെ ആലപ്പുഴയിലെ മറ്റെല്ലാ ജില്ലകളിലും ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്.

വോട്ടെണ്ണല്‍ തുടങ്ങിയ ഒരു ഘട്ടത്തിലും എല്‍.ഡി.എഫിന്റെ ലീഡ് നില 85ല്‍ നിന്ന് താഴേക്ക് പോയിട്ടില്ല. തുടര്‍ഭരണം എന്ന പ്രത്യാശ ഉറപ്പിലേക്ക് തന്നെ എത്തിയിരിക്കുന്നു എന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് ഇപ്പോള്‍.

വലിയ രാഷ്ട്രീയ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലും സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലും മികച്ച രീതിയിലുള്ള ജനപിന്തുണ നേടാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in