ബി.ജെ.പിയുടെ അകൗണ്ട് പൂട്ടി; നേമത്ത് വി.ശിവന്‍കുട്ടി

ബി.ജെ.പിയുടെ അകൗണ്ട് പൂട്ടി; നേമത്ത് വി.ശിവന്‍കുട്ടി

35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അവകാശവാദം. അഞ്ച് സീറ്റെങ്കിലും പിടിക്കണമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ കൈയ്യിലുണ്ടായിരുന്ന നേമം പോലും നിലനിര്‍ത്താനാകാതെ സംപൂജ്യരായി കേരളത്തില്‍ ബി.ജെ.പി.

നേമത്ത് സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയാണ് വിജയിച്ചത്. മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെയായിരുന്നു നേമം നിലനിര്‍ത്താനായി ബി.ജെ.പി മത്സരിപ്പിച്ചത്. ആര്‍.എസ്.എസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കെ. മുരളീധരനെ യു.ഡി.എഫും രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണ മത്സരമായിരുന്നു നേമത്ത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറി മറഞ്ഞു. ഒടുവില്‍ വി.ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു.

രണ്ട് മണ്ഡലത്തില്‍ മത്സരിക്കുകയെന്ന പരീക്ഷണമായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയത്. കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച കോന്നിയിലുമായിരുന്നു കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിചിതമല്ലാതിരുന്ന ഹെലികോപ്റ്റര്‍ പര്യടനവും ബി.ജെ.പി കെ.സുരേന്ദ്രനിലൂടെ പരീക്ഷിച്ചു. രണ്ടിടത്തും കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടു.

ജയം ഉറപ്പിച്ച് എം.എല്‍.എ ഓഫീസ് തുറന്നായിരുന്നു ഇ.ശ്രീധരന്‍ പാലക്കാട് മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെയും ഞെട്ടിച്ചത്. മുഖ്യമന്ത്രിയാകുമെന്നും മൂന്ന് മാസം കൊണ്ട് വാഗ്ദാനങ്ങള്‍ പാലിച്ച് ശേഷിക്കുന്ന രണ്ട് വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ച് കൊടുക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ യുവ എം.എല്‍.എ ഷാഫി പറമ്പലിനെ മറികടന്ന് ഇ.ശ്രീധരന്‍ പാലക്കാട് അകൗണ്ട് തുറക്കുമെന്ന പ്രതീതിയുണ്ടാക്കി. അയ്യായിരത്തിന് മുകളിലേക്ക് ലീഡ് ഉയര്‍ത്തിയിടത്ത് നിന്നാണ് ഇ.ശ്രീധരന്‍ തോല്‍വിയിലേക്ക് മെട്രോ കയറിയത്.

തൃശൂര്‍ എടുക്കാനിറങ്ങിയ നടന്‍ സുരേഷ് ഗോപിയും വെറും കയ്യോടെ മടങ്ങി. സി.പി.ഐയിലെ പി.ബാലചന്ദ്രനാണ് തൃശൂരിലെ വിജയി.

സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ നിരന്തരം പിണറായി സര്‍ക്കാരിനെ അക്രമിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കേരളത്തില്‍ തിരിച്ചടിയേറ്റിരിക്കുകയാണ്.

No stories found.
The Cue
www.thecue.in