സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു
Pinarayi Writes to Yogi

സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു

പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Pinarayi Writes to Yogi
കട്ടിലില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയാണ്, മൂത്രമൊഴിക്കാന്‍ കുപ്പി; സിദ്ദീഖ് കാപ്പന് ചികില്‍സാ നിഷേധമെന്ന് കുടുംബം

പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും സിദ്ദീഖ് കാപ്പന് വേണ്ടി ഇടപെടുന്നില്ലെന്ന് ഭാര്യ റൈഹാന സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

റൈഹാന സിദ്ദീഖ് കാപ്പന്‍ മാധ്യമങ്ങളോട്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രമണക്ക് വക്കീല്‍ മുഖേന കത്തയച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരെ സിദ്ദീഖ് കാപ്പന്റെ ഇപ്പോഴത്തെ അവസ്ഥ അറിയിച്ചിട്ടുണ്ട്. നാല് ദിവസമായി ബാത്ത് റൂമില്‍ പോകാന്‍ കഴിയാത്ത മനുഷ്യന് എന്ത് ചികില്‍സയാണ് അവിടെ നല്‍കുന്നത്. കട്ടിലില്‍ കെട്ടിയിട്ടാല്‍ കൊവിഡ് മാറുമോ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

മനുഷ്യനെന്ന പരിഗണന വച്ച് മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലേ, സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ എന്തെങ്കിലും ഇടപെല്‍ സാധിക്കില്ലേ. ആശുപത്രിയില്‍ നിന്ന് ജയിലില്‍ നിന്ന് മാറ്റിക്കൂടെ എന്നാണ് സിദ്ദീഖ് കാപ്പന്‍ ചോദിക്കുന്നത്. സഹിക്കാനാകുന്നില്ല. എത്രത്തോളം ആ മനുഷ്യന്‍ തകര്‍ന്നിട്ടുണ്ടാകും. സിദ്ദീഖ് കാപ്പന്‍ എന്ത് തെറ്റാണ് ചെയ്തത്.

മുഖ്യമന്ത്രി ഇതുവരെ സിദ്ദീഖ് കാപ്പന്റെ കാര്യം മിണ്ടിയിട്ടില്ല. സിദ്ദീഖ് കാപ്പന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എന്നോട് പറഞ്ഞുകൂടേ. പോപ്പുലര്‍ ഫ്രണ്ട് എന്ന് ആളുകള്‍ പറഞ്ഞത് കൊണ്ടാണോ, ഒമ്പത് വര്‍ഷമായി ഡല്‍ഹിയില്‍ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുകയില്ലേ, മുഖ്യമന്ത്രിക്ക് എന്താണ് പേടിയാണോ. മുഖ്യമന്ത്രി ഇതുവരെ ഒന്നും ചെയ്തില്ല. ഒരു കത്തയക്കാന്‍ പോലും മുഖ്യമന്ത്രിക്ക് സാധിക്കില്ലേ. ചികില്‍സയാണ് ഇപ്പോള്‍ പ്രധാനം. അതില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിയില്ലേ. മറ്റുള്ളവരുടെ വോട്ട് കിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേടിയെങ്കില്‍ വോട്ട് കഴിഞ്ഞില്ലേ, ഇപ്പോള്‍ ഇടപെടാനാകില്ലേ.

ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയവേ കൊവിഡ് ബാധിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ഭാര്യ റെയ്ഹാന സിദ്ദീഖ് കാപ്പന്‍. ഭരണകൂടവും പ്രതിപക്ഷ കക്ഷികളും സാംസ്‌കാരിക സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും ഭാര്യ. ആശുപത്രിയില്‍ സിദ്ദീഖ് കാപ്പനെ കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. ശുചിമുറിയില്‍ പോകാന്‍ അനുവാദമില്ലെന്നും ഭാര്യ റെയ്ഹാന ഇന്നലെ പറഞ്ഞിരുന്നു.

പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂടി അദ്ദേഹത്തെ തളര്‍ത്തിയാണ് ബാത്‌റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്ട്രോള്‍ ഒക്കെ കൂടുതല്‍ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നില്‍ക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും.. അദ്ദേഹം ഹോസ്പിറ്റലില്‍ നിന്നും ഇന്നലെ എങ്ങനെയോ 2മിനിറ്റ് എന്നോട് സംസാരിച്ചിരുന്നുവെന്നും റെയ്ഹാന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭ്യര്‍ത്ഥന.

പ്രിയരേ.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോവുന്നത്..

7മാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തിൽ തളരാതെ മുന്നോട്ട്..

സിദ്ധിക്ക എന്ന മനുഷ്യനെ ഞാൻ അറിയുന്നത്ര ആർക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകൻ ആണ്. സത്യ സന്ധമായി വാർത്തകൾ റിപ്പോർട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകൻ.

ആർക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീർക്കണം എന്തായിരിക്കാം അവരുടെ ഉദ്ദേശം..ആ മനുഷ്യൻ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യുപിയിൽ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പോലീസുകാർ ചോദിച്ചു.. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചത് എന്ന്..

ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആർക്ക്, എന്ത് നേട്ടം????

ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോർക്കുക !!ഒരു പ്രബഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

നിങ്ങൾക്കും കുടുംബം, കുട്ടികൾ, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും... തീർച്ച!!വെള്ളക്കിടക്കയിൽ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകൾ അടയാതെ കാത്തിടിക്കുന്നത് അവരുടെ പൊന്നുമോനെ കാണാൻ വേണ്ടി മാത്രമാണ്..ആ ഉമ്മയുടെ കണ്ണുനീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്

3മക്കളുടെ കളിചിരികൾ ഇല്ലാതാക്കിയ ഭരണ കൂടമേ... എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം?? മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ.. എല്ലവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആർക്കാണ് ഈ കുറഞ്ഞ ജീവിതത്തിൽ സമാദാനം ലഭിക്കുന്നത്..?

ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്.. ഞങ്ങള്ക്ക് ജീവിക്കണം എന്റെ പ്രിയപ്പെട്ടവൻ ഇന്നനുഭവിക്കുന്ന യാതനകൾ എന്തിന്റെ പേരിലാണ്..?

അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല. ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങൾ പൊട്ടിച്ചിരിക്കു... കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും !!

പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളർത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോൾ ഒക്കെ കൂടുതൽ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നിൽക്കുന്ന ഒരു കോവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും.. അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും ഇന്നലെ എങ്ങനെയോ 2മിനിറ്റ് എന്നോട് സംസാരിച്ചു. ജയിലിൽ നിന്നും വീണ വീഴ്ചയിൽ താടിയെല്ലിനു പൊട്ടോ, അല്ലെങ്കിൽ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാൻ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവാൻ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിൽ ആണെന്നും പതറിയ സ്വരത്തിൽ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറ എന്നും പറഞ്ഞ് call കട്ടായി.

ആ മനുഷ്യന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു.. ഇതാണോ ചികിത്സ..? കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ... ഭരണ കൂടമേ.. പ്രതിപക്ഷ പാർട്ടിയിലുള്ളവരെ.. നാനാ വിധ മത സംഘടനകളെ..സാംസ്‌കാരിക പ്രവർത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്

No stories found.
The Cue
www.thecue.in