ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്‍

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്‍
E Sreedharan

ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാലക്കാട് മണ്ഡലത്തില്‍ നാട്ടുകാരെല്ലാം തനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഇ.ശ്രീധരന്‍. വി.മുരളീധരനും കെ.സുരേന്ദ്രനും ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.

താന്‍ എത്തുന്നതിന് മുന്‍പ് നടത്തിയ സര്‍വേകളായതിനാലാണ് ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കാത്തത്. താനെത്തിയതിന് ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുകയാണെന്നും ഇ. ശ്രീധരന്‍.

നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാല്‍ അധികാരത്തില്‍ വരാന്‍ ഒരു പ്രശ്‌നവുമില്ല. ഇനി അധികാരത്തില്‍ വന്നില്ലെങ്കില്‍ തന്നെ കിംഗ് മേക്കറാകും. ബിജെപി ജയിച്ചാല്‍ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാന്‍ ആവശ്യപ്പെടില്ല. അവര്‍ നിശ്ചയിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ല എനിക്ക്.

മീഡിയാ വണ്‍ ചാനലിലാണ് ഇ.ശ്രീധരന്റെ പ്രതികരണം. ലവ് ജിഹാദ്, മാംസാഹാരം തുടങ്ങി ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയില്‍ കേരളത്തില്‍ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രതിഷേധം സൃഷ്ടിച്ചത്.

''ലവ് ജിഹാദ്, അതേ, കേരളത്തില്‍ സംഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യും'' ഇതായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം.

തന്നെ പോലെ പ്രശസ്തനും കഴിവും പെരുമയുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്ന് അടുത്തിടെ ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

57,559 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ യുവമുഖം ഷാഫി പറമ്പില്‍ പാലക്കാട് കഴിഞ്ഞ തവണ വിജയിച്ചത്. ശോഭ സുരേന്ദ്രന്‍ 40,076 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ സി.പി പ്രമോദിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്.

No stories found.
The Cue
www.thecue.in