എം.ബി. രാജേഷിന് വോട്ട് തേടി ആഷിക് അബു, പ്രചരണത്തിന് കെ.ആര്‍ മീരയും ബെന്യാമിനും

എം.ബി. രാജേഷിന് വോട്ട് തേടി ആഷിക് അബു, പ്രചരണത്തിന് കെ.ആര്‍ മീരയും ബെന്യാമിനും
9995258008

തൃത്താല മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണത്തിന് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും. യുഡിഎഫിന്റെ വി.ടി ബല്‍റാമില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. സംവിധായകന്‍ ആഷിക് അബു, നടന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ രാജേഷിന് വോട്ട് ചോദിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു. മുന്‍ എം.പി കൂടിയായ എം.ബി രാജേഷിന്റെ വ്യക്തിപ്രഭാവം കൂടി വോട്ടാക്കി മാറ്റുകയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

എഴുത്തുകാരായ കെ.ആര്‍.മീര, ബെന്യാമിന്‍,സുസ്‌മേഷ് ചന്ദ്രോത്ത് തുടങ്ങിയവരും തൃത്താലയില്‍ രാജേഷിന് വോട്ട് തേടി പ്രചരണത്തിനെത്തുന്നുണ്ട്. കെ.ആര്‍ മീരക്കെതിരെ വി.ടി ബല്‍റാം നടത്തിയ സൈബര്‍ അധിക്ഷേപം സമീപദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

രാഹുല്‍ ഗാന്ധിയും, ശശിതരൂരും ഉള്‍പ്പെടെ താരപ്രചാരകരെ രംഗത്തിറക്കിയാണ് യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. മണ്ഡലത്തില്‍ വി.ടി ബല്‍റാം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസ് സഹയാത്രികനായ സിനിമാതാരം രമേശ് പിഷാരടിയും ബല്‍റാമിന് വേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്.

സൈബര്‍ സ്‌പേസില്‍ മൂന്ന് മുന്നണികളുടെയും സജീവ സാന്നിധ്യമായവരാണ് തൃത്താലയിലെ സ്ഥാനാര്‍ത്ഥികള്‍. സംഘപരിവാറിന്റെ സൈബര്‍ മുഖങ്ങളിലൊന്നായ ശങ്കു.ടി.ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ട് പതിറ്റാണ്ട് കാലം ഇടതിനൊപ്പം ഉറച്ചുനിന്ന തൃത്താല 2011ലാണ് ബല്‍റാമിലൂടെ യുഡിഎഫ് പിടിച്ചെുത്തത്. 2016ല്‍ എല്‍ഡിഎഫിലെ സുബൈദ ഇസഹാക്കിനെ 10,547 വോട്ടുകള്‍ക്കാണ് ബല്‍റാം പരാജയപ്പെടുത്തിയത്. എന്‍ഡിഎയുടെ വി.ടി രമ 14,510 വോട്ടുകള്‍ നേടി.

No stories found.
The Cue
www.thecue.in