വെറുതെയൊന്ന് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചാല്‍ മനസിലാകും, വസ്തുതകളുള്ളപ്പോള്‍ പി.ആര്‍ ഏജന്‍സി ആവശ്യമില്ലെന്ന് കെ.കെ.ശൈലജ

വെറുതെയൊന്ന് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചാല്‍ മനസിലാകും, വസ്തുതകളുള്ളപ്പോള്‍ പി.ആര്‍ ഏജന്‍സി ആവശ്യമില്ലെന്ന് കെ.കെ.ശൈലജ

കൊവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ മേഖലയേയും ആരോഗ്യ പ്രവര്‍ത്തകരേയും അപമാനിക്കുന്നതാണ് ചിലരുടെ പ്രസ്താവനയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കണ്‍മുമ്പില്‍ വസ്തുതകളുള്ളപ്പോള്‍ ഏത് പിആര്‍ ഏജന്‍സികളാണ് പുകഴ്ത്തേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതാണോ ഇപ്പോഴത്തെ ആശുപത്രികളെന്ന് വെറുതേയൊന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചാല്‍ മതിയാകുമെന്ന് കെ.കെ.ശൈലജ.

ഇടത് സര്‍ക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാന്‍ വെല്ലുവിളിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടാണ് കെ.കെ ശൈലജയുടെ മറുപടി

കെ.കെ.ശൈലജയുടെ പ്രതികരണം

കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ്. മാത്രമല്ല കോവിഡിന്റെ ആദ്യ സമയത്ത് എല്ലാവരേയും ചികിത്സിച്ചത് ഈ സര്‍ക്കാര്‍ ആശുപത്രികളും അവിടത്തെ ജീവനക്കാരാണെന്നും ഓര്‍ക്കുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വളരെ കുറച്ച് ശതമാനം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പോയിരുന്നത്. ഇപ്പോഴാകട്ടെ 60 ശതമാനത്തിന് മുകളില്‍ ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്.

ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികഞ്ഞ സമയത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ കണ്‍മുമ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനായി. നിപ, പ്രളയം, ഓഖി, കോവിഡ്-19 തുടങ്ങിയ പല നിര്‍ണായക സാഹചര്യങ്ങളിലും നമുക്ക് താങ്ങായത് ഈ ശക്തമായ പൊതുജനാരോഗ്യ ശൃംഖലയാണ്.

കിഫ്ബി ധനസഹായത്തോടുകൂടി ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തി. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രൊജക്ടുകളില്‍ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കി. വിവിധ സ്ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ചരിത്രത്തിലാദ്യമായി 10,272 തസ്തികകളാണ് സൃഷ്ടിച്ചത്.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് അവര്‍ പറയുന്നത്. നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യമൊരുക്കാന്‍ ശ്രമിക്കാതെയാണ് ജില്ലകള്‍ തോറും മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് വച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജ് തുടങ്ങി അടിസ്ഥാന സൗകര്യം പോലുമില്ലാത്തതിനാല്‍ കുട്ടികളുടെ ഭാവി കൂടി അവര്‍ അവതാളത്തിലാക്കി. ഇപ്പോള്‍ അതാണോ ഓരോ മെഡിക്കല്‍ കോളേജിന്റേയും സ്ഥിതി?

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും മികവിന്റെ കേന്ദ്രമാക്കി വരികയാണ്. ഓരോ മെഡിക്കല്‍ കോളേജിലും ലോകോത്തര ചികിത്സാ നിലവാരത്തിലേക്ക് കൊണ്ടുവരികയാണ്. ഓരോ മെഡിക്കല്‍ കോളേജിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബി വഴി അത് നടപ്പിലാക്കി വരുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ മെഡിക്കല്‍ കോളേജുകളിലെ ഒ.പി.സംവിധാനവും അത്യാഹിത വിഭാഗവും രോഗീ സൗഹൃദമാക്കി വരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ട്രോമാ കെയര്‍ സംവിധാനങ്ങള്‍, കാന്‍സര്‍ ചികിത്സയ്ക്കു വേണ്ടിയുള്ള സംവിധാനങ്ങള്‍, മാതൃ ശിശുവിഭാഗങ്ങള്‍, ഹൃദ്രോഗ ചികിത്സാ രംഗം എന്നിവ ശക്തിപ്പെടുത്തി. ആധുനിക ഇമേജിംഗ് സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപിച്ചു.

ദേശീയ ആരോഗ്യ സൂചികയില്‍ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതാണെന്നോര്‍ക്കുക. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്. ഇതെല്ലാം പിആര്‍ വര്‍ക്കാണോ. കോവിഡ്-19 പ്രതിരോധത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. വളരെ കൃത്യമായ പ്ലാനോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിയത്. രോഗികളുടെ എണ്ണം കൂടിയപ്പോഴും മരണനിരക്ക് നമുക്ക് പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ ശക്തമായ ആരോഗ്യ അടിത്തറയാണ്.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 4 മിഷനുകളിലൊന്നായ ആര്‍ദ്രം മിഷനാണ് നമ്മുടെ ആരോഗ്യ മേഖലയില്‍ കാണുന്ന ഈ വികസനങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനമാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അതിന്റെ ഗുണഫലമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഈ മികവ്.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശരിയുടെ അഞ്ചു വര്‍ഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിച്ചവെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്തു ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിച്ചു.

1.പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാൽ ഇടത് സർക്കാർ പദ്ധതി അട്ടിമറിച്ചു.

2. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകൾ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കൽ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്.

3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സർജറി നടത്തി. എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടത്തിയത് 391സർജറികൾ മാത്രം.

4. പേര് അന്വർഥമാക്കും വിധത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകർന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിർത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

5. കഴിഞ്ഞ യുഡിഎഫ് സർക്കാർ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.

6. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേർക്ക് അവയവ ശസ്ത്രക്രീയ നടത്തി. എൽ ഡി എഫ് സർക്കാരിന് വെറും 269 പേർക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.

7. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.

യുഡിഎഫ് സർക്കാരിന്റെ കാലത്തു ദേശീയ തലത്തിൽ ജനശ്രദ്ധ ആകർഷിച്ച എയർ ആംബുലൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ അട്ടിമറിച്ചു, കോടികൾ മുടക്കി വിലക്കെടുത്ത പി ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.

Related Stories

No stories found.
logo
The Cue
www.thecue.in