ജോസ്.കെ.മാണി കുലംകുത്തിയെന്ന് സിപിഎമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍, കാര്യമാക്കേണ്ടെന്ന് പ്രതികരണം

ജോസ്.കെ.മാണി കുലംകുത്തിയെന്ന് സിപിഎമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍, കാര്യമാക്കേണ്ടെന്ന് പ്രതികരണം

പാലാ നഗരസഭയിലെ സിപിഐഎം കേരളാ കോണ്‍ഗ്രസ് എം കയ്യാങ്കളിക്ക് പിന്നാലെ ജോസ് കെ മാണിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. പാലായിലാണ് ജോസ് കെ മാണി കുലംകുത്തി ആണെന്ന് ആക്ഷേപിച്ചുള്ള പോസ്റ്റര്‍. സേവ് സിപിഎം ഫോറം എന്ന പേരിലാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലം കുത്തിയാണെന്ന കാര്യം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഓര്‍ക്കണമെന്ന് പോസ്റ്ററിലുണ്ട്.

ജോസ് കെ മാണി എന്ന കുലം കുത്തിയെ തിരിച്ചറിയുക, പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കുക എന്നിങ്ങനെയും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. പാലാ നഗരത്തിലും നഗരമീപത്തെ പള്ളികളുടെ മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് കയ്യേറ്റവും തര്‍ക്കവും നടന്നത്. സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട പ്രശ്നം സിപിഐഎമ്മിലെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് തുടക്കം.എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തി. ഇരുവരും തമ്മില്‍ വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. പിന്നീട് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കയ്യേറ്റത്തിലെത്തി.

പാലാ നഗരസഭയിലെ തമ്മിലടി വ്യക്തിപരമാണെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ലെന്നും ജോസ് കെ മാണി. പ്രശ്‌നങ്ങള്‍ ഇന്നലെ തന്നെ പരിഹരിച്ചു. തെരഞ്ഞെടുപ്പിനെ തര്‍ക്കം ബാധിക്കില്ലെന്നും പാലായില്‍ സിപിഎംമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും ജോസ് കെ മാണി.

No stories found.
The Cue
www.thecue.in