ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ല ; ജോയ്‌സിനോട് സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍

ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്ന പ്രതികരണമല്ല ; ജോയ്‌സിനോട്    സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മുന്‍ എം.പി ജോയ്‌സ് ജോര്‍ജിനെ വിമർശിച്ച് സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംവദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്ക്  അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം. ഒന്നുമില്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഒരു എംപിയായിരുന്നില്ലേയെന്നും അഭിഭാഷകനല്ലേ എന്നും സെന്റ് തെരേസാസ് വിദ്യാര്‍ഥികള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു . പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല ഈ ചിന്താഗതി മാറ്റിയാല്‍ മതിയെന്നും വിദ്യാർഥികൾ പറഞ്ഞു.

ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്നതല്ല ജോയിസ് ജോര്‍ജിന്റെ പ്രതികരണം. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. വിദ്യാര്‍ഥിനികള്‍ എന്ന രീതിയില്‍ തങ്ങളെ അവഹേളിക്കുന്നതാണ് ജോയിസ് ജോര്‍ജിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ കോളേജിലെ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തങ്ങളോട് രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

അതേസമയം രാഹുല്‍ഗാന്ധി എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജ് ക്ഷമാപണം നടത്തി . പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. ഇടുക്കിയിലെ അണക്കരയിലെ എല്‍ഡിഎഫ് പരിപാടിക്കിടെയാണ് ജോയ്സ് ജോര്‍ജിന്റെ ഖേദപ്രകടനം. പരാമര്‍ശം അനുചിതമാണെന്നും പിന്‍വലിക്കുന്നുവെന്നുമാണ് ജോയ്‌സ് പറഞ്ഞത്.ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഇത് രാഷ്ട്രീയ പ്രചരണായുധമാക്കിയ സാഹചര്യത്തിലാണ് മാപ്പ് പറച്ചില്‍. ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത യോഗത്തിലാണ് ജോയ്‌സിന്റെ ഖേദ പ്രകടനം.

പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നുമാണ് ജോയ്സ് പറഞ്ഞത്. ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്സ്. തിങ്കളാഴ്ച ഇരട്ടയാറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

No stories found.
The Cue
www.thecue.in