ഏപ്രില്‍ ആറിന് ശേഷം പെന്‍ഷനും ഭക്ഷ്യധാന്യവും വിഷു കിറ്റും കൊടുക്കണമെന്ന് ചെന്നിത്തല, 2016ല്‍ പിണറായിയും പരാതി കൊടുത്തു

ഏപ്രില്‍ ആറിന് ശേഷം പെന്‍ഷനും ഭക്ഷ്യധാന്യവും വിഷു കിറ്റും കൊടുക്കണമെന്ന് ചെന്നിത്തല, 2016ല്‍ പിണറായിയും പരാതി കൊടുത്തു

പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന നെറികെട്ട സര്‍ക്കാരാണ് പിണറായിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിഷുവിന്റെ കിറ്റും, മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷനും ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്ന് തന്നെയാണ് നിലപാട്. ഈ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ അത് കൊടുക്കേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.ഏപ്രില്‍ ആറിന് ശേഷം പെന്‍ഷനും കൊടുക്കണം, ഭക്ഷ്യധാന്യവും കൊടുക്കണം വിഷു കിറ്റും കൊടുക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. ഇത് കൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ്

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്

സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ എട്ട് മാസം കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ച സര്‍ക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വോട്ട് തട്ടാന്‍ വേണ്ടി അവ വിതരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ധാന്യങ്ങള്‍ പൂഴ്ത്തി വെച്ച് പിന്നീട് കൂടിയ വിലയ്ക്ക് വില്‍ക്കുന്ന കരിഞ്ചന്തക്കാരന്റെ മനോഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. അവര്‍ ധാന്യം പൂഴ്ത്തി വെച്ച് പണം തട്ടാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ ഇവിടെ വോട്ട് ആണ് എന്ന വ്യത്യാസമേയുള്ളൂ.

കുട്ടികള്‍ക്ക് ഭക്ഷ്യ ധാന്യം വിതരണം ചെയ്യരുതെന്നല്ല, ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടികള്‍ക്കുള്ള ഭക്ഷ്യ ധാന്യ വിതരണം എട്ടു മാസം സര്‍ക്കാര്‍ മുടക്കിയത് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടിട്ടാണ്. കോവിഡ് മഹാമാരിയുടെ സമയം ആയിട്ട് പോലും ധാന്യങ്ങള്‍ വിതരണം ീചെയ്യാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. എന്നിട്ടിപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതെല്ലാം ഒന്നിച്ചു വിതരണം ചെയ്യുന്നത് വോട്ട് തട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ഈ വഞ്ചനയാണ് പ്രതിപക്ഷം തുറന്നു കാണിച്ചത്. ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ തരും അപ്പോള്‍ നീയൊക്കെ കഴിച്ചാല്‍ മതിയെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല.

ഭക്ഷ്യ ധാന്യ വിതരണം നടത്തുന്നത് എ.കെ.ജി സെന്ററില്‍ നിന്നല്ല. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഉണ്ടായതാണ്. കുട്ടികളുടെ ആ നിയമപരമായ അവകാശമാണ് കഴിഞ്ഞ എട്ടു മാസമായി വോട്ടു തട്ടുക എന്ന സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി പിണറായിയും കൂട്ടരും നിഷേധിച്ചത്. ഈ നീതി നിഷേധം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ട ബാധ്യതയാണ് പ്രതിപക്ഷം നിറവേറ്റിയത്. അതിനാണ് ഞങ്ങളെ അന്നം മുടക്കികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. എട്ടു മാസം കുട്ടികളെ പട്ടിണിക്കിട്ടതിന്റെ പാപഭാരം പ്രതിപക്ഷത്തിനുമേല്‍ ചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സൗജന്യമായി അരി വിതരണവും കുടിവെള്ള വിതരണവും നടത്തിയപ്പോള്‍ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യു.ഡി.എഫ് സര്‍ക്കാരിനെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഈ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്ന് പ്രത്യേക മന്ത്രിസഭാ യോഗം കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗമായ പിണറായി വിജയന്‍ പറഞ്ഞത് തെറ്റായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍ക്കാരിന് അസഹിഷ്ണുതയാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീങ്ങുന്ന സര്‍ക്കാരാണ് യു.ഡി. എഫ് സര്‍ക്കാരെന്നും,തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാദം.

അനുസരിക്കണമെന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നമാണ് എന്ന് പറഞ്ഞു വയ്ക്കുകയാണ് അഞ്ച് വര്‍ഷം മുന്‍പ് പിണറായി ചെയ്തത്.പിണറായിയുടെ അന്നത്തെ നിലപാടാണ് ഇന്ന് ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം.

വിഷുവിന്റെ കിറ്റും, മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെന്‍ഷനും ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ഈ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ അത് കൊടുക്കേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.ഏപ്രില്‍ ആറിന് ശേഷം പെന്‍ഷനും കൊടുക്കണം, ഭക്ഷ്യധാന്യവും കൊടുക്കണം വിഷു കിറ്റും കൊടുക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. ഇത് കൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം

No stories found.
The Cue
www.thecue.in