അന്നം മുടക്കികളാണ് യുഡിഎഫ്; കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ

അന്നം മുടക്കികളാണ് യുഡിഎഫ്; കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ

പ്രതിപക്ഷത്തിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന സ്‌പെഷ്യല്‍ അരി നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ സാഹചര്യത്തിലാണ് പ്രതിഷേധം. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്തതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു . ഇതിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞി വെച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അത് തടയണമെന്നുമായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്.

എഎ റഹീം ഫേസ്ബുക് കുറിപ്പ്

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് .

എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.

സർക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്‌റ്റർ കിറ്റ്‌ മുടക്കാനും

പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാൽ, സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷൻ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.

തെരഞ്ഞെടുപ്പിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്.

അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സർക്കാരിന്റെ...

Posted by A A Rahim on Friday, March 26, 2021

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.

No stories found.
The Cue
www.thecue.in