ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലക്കുന്ന ബിജെപിക്ക് വേരുറപ്പിക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍

ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലക്കുന്ന ബിജെപിക്ക് വേരുറപ്പിക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍

രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവുമെന്നും ബിജെപിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കാനാകില്ലെന്നും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ''ബി.ജെ.പി. കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല.' മാതൃഭൂമി അഭിമുഖത്തിലാണ് പ്രതികരണം.

പിണറായി വിജയന്‍ എന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ '' ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂര്‍ണതയില്ലല്ലോ. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏതുരീതിയില്‍ നിര്‍വഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്‌കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാവാനിടയില്ല.''

ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍. തീര്‍ച്ചയായും. ഇടതുപക്ഷഭരണം നിലനില്‍ക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ട് പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല. എന്നാലും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കണമെന്നും വി.എസ്.

ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും മൂലം വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്റ്റാര്‍ കാമ്പയിനറായിരുന്നു വി.എസ്.

Related Stories

No stories found.
logo
The Cue
www.thecue.in