മുഖ്യമന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞിട്ടും നീതി കിട്ടിയില്ല, സംഘപരിവാര്‍ പിന്തുണ സ്വീകരിക്കില്ല: വാളയാര്‍ കുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞിട്ടും നീതി കിട്ടിയില്ല, സംഘപരിവാര്‍ പിന്തുണ സ്വീകരിക്കില്ല: വാളയാര്‍ കുട്ടികളുടെ അമ്മ

ധര്‍മ്മടം നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് പിണറായി വിജയനെതിരെ മല്‍സരിക്കുന്ന വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ടെന്നും അമ്മ ചോദിക്കുന്നു.

വാളയാര്‍ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മല്‍സരിക്കുന്നത്. തനിക്ക് രണ്ട് മക്കളെയാണ് നഷ്ടപ്പെട്ടതെന്നും മൂത്തമകളുടെ കേസ് മാത്രമാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടതെന്നും അമ്മ. വാളയാര്‍ കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധര്‍മ്മടത്ത് കെ.സുധാകരന്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്‌ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നുമാണ് വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞത്.

വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ നീതി നിഷേധങ്ങളൊന്നും കാണിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പെണ്‍കുട്ടികളുടെ അമ്മയുടെ വികാരത്തിനൊപ്പമാണ് സര്‍ക്കാര്‍ എപ്പോഴും നിന്നിട്ടുള്ളത്. പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. ഒരു തരത്തിലും പെണ്‍കുട്ടികളുടെ അമ്മയെ വേദനിപ്പിക്കാന്‍ ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതില്‍ നിലപാടെടുക്കേണ്ടത് അവരുടെ താല്‍പര്യമാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍.

പൊലീസ് തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന്, വാളയാറില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുഞ്ഞുങ്ങളുടെ അമ്മ ദ ക്യുവിനോട്. വാളയാര്‍ അട്ടപ്പള്ളത്തുനിന്നും എറണാകുളത്തെത്തിയപ്പോള്‍ പൊലീസ് താനുള്ളയിടത്തെത്തി ഭീഷണിപ്പെടുത്തി. തന്റെ ഉദ്ദേശം നടക്കില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്ത് ഉദ്ദേശമെന്ന് ചോദിച്ചപ്പോള്‍ അതുതന്നെ അവര്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരില്‍ വാക്കുനല്‍കിയതാണ്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന് പ്രമോഷനാണ് നല്‍കിയതെന്നും അവര്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in