'യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം'; കോണ്‍ഗ്രസ് 50 സീറ്റുകള്‍ വരെ നേടും; ഹൈക്കമാന്‍ഡ് സര്‍വേ

'യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം'; കോണ്‍ഗ്രസ് 50 സീറ്റുകള്‍ വരെ നേടും; ഹൈക്കമാന്‍ഡ് സര്‍വേ

നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. കോണ്‍ഗ്രസ് തനിച്ച് 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടും. മുന്നണി 73 സീറ്റുകള്‍ നേടുമെന്നാണ് ഹൈക്കമാന്‍ഡ് സര്‍വേയില്‍ പറയുന്നത്.

സ്വകാര്യ ഏജന്‍സിയാണ് ഹൈക്കമാന്‍ഡിന് വേണ്ടി സര്‍വേ നടത്തിയത്. പി.എസ്.സി സമരവും ആഴക്കടല്‍ മത്സ്യബന്ധന വിവാദവും യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും സര്‍വേയില്‍ പറയുന്നു.

ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനും സര്‍വേ നടന്നിരുന്നു. ഇതും പൂര്‍ത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന് കൈമാറും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക. സിറ്റിംഗ് എം.എല്‍.എമാരുടെ സീറ്റുകള്‍ ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പത്താം തിയ്യതിയോടെ മുഴുവന്‍ സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഇതിനിടെ പല മണ്ഡലങ്ങളിലും റിബല്‍ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന ഭീഷണിയും ഉയരുന്നുണ്ട്. ഷാഫി പറമ്പില്‍ എം.എല്‍.എയ്‌ക്കെതിരെ മത്സരിക്കുമെന്ന് പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതു പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.

Related Stories

No stories found.
The Cue
www.thecue.in