ഉദ്യോഗാര്‍ത്ഥികളുടെ സമരം 24ാം ദിവസത്തിലേക്ക്, ഇന്ന് മുതല്‍ ഉപവാസം

ഉദ്യോഗാര്‍ത്ഥികളുടെ സമരം 24ാം ദിവസത്തിലേക്ക്, ഇന്ന് മുതല്‍ ഉപവാസം

പി.എസ്.എസി ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 24ാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ഉപവാസ സമരത്തിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും ഇന്ന് സമരം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ സമരം തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.

ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നത് മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി മൂലമാണെന്നും സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള വിധേയത്വം മുഖ്യമന്ത്രി അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

താല്‍ക്കാലികമായ പിന്‍വാതില്‍ നിയമനത്തിന്റെ പ്രശ്നം സംവരണ തത്വം അട്ടിമറിക്കപ്പെടുന്നു എന്നതാണ്. അതെന്തുകൊണ്ടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കാണാത്തതെന്നും രമേശ് ചെന്നിത്തല. സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിഭാഗങ്ങള്‍ക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിന്‍വാതില്‍ നിയമനങ്ങളിലൂടെ ഉണ്ടാവുന്നതെന്നും പ്രതിപക്ഷ നേതാവ്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ പുനപ്പരിശോധിക്കില്ല. 10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം.

No stories found.
The Cue
www.thecue.in