മീശയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി;താമ്രപത്രം നല്‍കിയെന്ന് മുരളീധരന്‍;ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന നെറികേടെന്ന് ശോഭ

മീശയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി;താമ്രപത്രം നല്‍കിയെന്ന് മുരളീധരന്‍;ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന നെറികേടെന്ന് ശോഭ

എസ്.ഹരീഷിന്റെ നോവലായ മീശയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമം. ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തി. കേരളത്തില്‍ ഉളുപ്പില്ലായ്മയുടെ പര്യായപദമുണ്ടെങ്കില്‍ അത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന നെറികേടാണെന്നും പിണറായി വിജയന് വരുന്ന തെരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 'മീശ' നോവലിന് പുരസ്കാരം നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കില്‍ അത് പിണറായി വിജയനാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിലൂടെ പിണറായിയും കൂട്ടരും നല്‍കുന്ന സന്ദേശമെന്താണ് ? ശബരിമലയില്‍ വിശ്വാസികളുടെ ചങ്കില്‍ കത്തിയിറക്കിയ പിണറായി വിജയനില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സര്‍ക്കാര്‍ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടര്‍ച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നല്‍കിയ പ്രഖ്യാപനത്തെ കാണാന്‍.ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സര്‍ക്കാര്‍ താമ്രപത്രം നല്‍കുന്നത് കരുതിക്കൂട്ടിയാണ്. അവാര്‍ഡ് നിര്‍ണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയില്‍ ഫേസ്ബുക്കില്‍ ഇടാന്‍ എം.വി ജയരാജന് അന്ന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.

ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. വിശ്വാസികളായ ഹൈന്ദവ സ്ത്രീകള്‍ക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ മനസ്സിലാക്കണം. നോവല്‍ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.. പിണറായി സര്‍ക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികള്‍ മാത്രമല്ല , കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ട

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ' മീശ ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ സാഹിത്യ അക്കാദമി തയ്യാറാകണം.

പ്രസിദ്ധീകരിച്ച ആദ്യ ഘട്ടത്തില്‍ത്തന്നെ പ്രസ്തുത നോവലിന്റെ ഉള്ളടക്കത്തിലെ ഹിന്ദു വിരുദ്ധ, സ്ത്രീവിരുദ്ധ സ്വാഭാവം വിമര്‍ശനവിധേയമായിരുന്നു. ആ വികാരം മാനിച്ചാണ് അതിന്റെ തുടര്‍ പ്രസിദ്ധീകരണം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ മാതൃഭൂമി നിര്‍ത്തിവച്ചത്. എന്നാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ഉയര്‍ത്തി ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നു. ഹിന്ദുക്കളെയും സ്ത്രീകളെയും കുറിച്ച് എന്ത് എഴുതിയാലും അത് വിലക്കാന്‍ പാടില്ല എന്ന മട്ടിലായിരുന്നു അക്കൂട്ടര്‍ ആ നാലാംകിട നോവലിനു നല്‍കിയ പിന്തുണ. അതില്‍ മുന്‍പന്തിയില്‍ നിന്നത് സി പി എമ്മും അവരുമായി ബന്ധപ്പെട്ട സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായിരുന്നു. ഇപ്പോള്‍ നോവലിന് അക്കാദമി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനു പിന്നിലും അവരുടെ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയാണ് എന്നത് യാദൃശ്ചികമല്ല.

വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്തണം എന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടും.

No stories found.
The Cue
www.thecue.in