'ജെന്‍ഡര്‍പാര്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും'; ഐസിജിഇ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ.ശൈലജ

'ജെന്‍ഡര്‍പാര്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും'; ഐസിജിഇ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ.ശൈലജ

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്രസമ്മേളനത്തോടെയാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജെന്‍ഡര്‍ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ.കെ.ശൈലജ രണ്ടാമത്തെ അന്താരാഷ്ട്ര ലിംഗസമത്വ സമ്മേളനം (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി) ഉദ്ഘാടനം ചെയ്തു.

ജെന്‍ഡര്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും ത്രിദിന ഐസിജിഇ കോണ്‍ഫറന്‍സ് നടക്കുകയെന്നും കെ.കെ.ശൈലജ പറഞ്ഞു.

ജെന്‍ഡര്‍പാര്‍ക്ക് എന്താണോ വിഭാവനം ചെയ്തത് അതിന്റെ സമ്പൂര്‍ണതയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിന് സാധിച്ചുവെന്ന് എ.പ്രദീപ്കുമാര്‍ എം.എല്‍.എ പരിപാടിയില്‍ പറഞ്ഞു. തുടര്‍ച്ചയായിട്ടുള്ള മന്ത്രിയുടെ ഇടപെടലിന്റെയും നേതൃത്വത്തിന്റെയും ഭാഗമായാണ് ഇന്ന് കാണുന്ന നിലയിലേക്ക് പൂര്‍ണ സൗകര്യങ്ങളോടെ ജെന്‍ഡര്‍ പാര്‍ക്ക് ഒരുങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ജെന്‍ഡര്‍ പാര്‍ക്കിനെ ആശയത്തിന് അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്നതിന്, ഐസിജിഇ ത്രിദിന പരിപാടിയും, അതിലൂടെ നടക്കുന്ന ആശയവിനിമയവും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.

ഐക്യരാഷ്ട്രസഭാ വനിതാ വിഭാഗത്തിന്റെ കൂടി സഹായത്തോടെയാണ് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 13 വരെ നീണ്ടുനില്‍ക്കുന്ന ഐസിജിഇ സമ്മേളനത്തില്‍ ദേശീയ-അന്താരാഷ്ട്ര തലത്തിലെ മുഖര്‍ പങ്കെടുക്കുന്നുണ്ട്. സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യവസായത്തിലും ലിംഗസമത്വത്തിന്റെ പങ്ക്, ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇത്തവണ ഐസിജിഇയുടെ പ്രമേയം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2011ല്‍ രൂപപ്പെട്ട ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിക്ക് 2013ലായിരുന്നു തറക്കല്ലിട്ടത്. 24 ഏക്കറിലായായിരുന്നു പദ്ധതിയുടെ നിര്‍മ്മാണം. പ്രവര്‍ത്തനം ആരംഭിക്കുന്നതോട് കൂടി ആഗോള തലത്തിലുള്ള ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെയും, ഗവേഷണങ്ങളുടെയും, ക്ലാസുകളുടെയും പ്രധാന കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്ക് മാറും. ലോകനിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സ്ത്രീകള്‍ക്ക് ആശയ സംവാദത്തിനുള്ള വേദി, നിര്‍ഭയ വിശ്രമ കേന്ദ്രം, തൊഴില്‍ പരിശീലനം, പുനരധിവാസം, ജെന്‍ഡര്‍ സ്റ്റഡി സെന്റര്‍, മ്യൂസിയം തുടങ്ങിയവയ്ക്ക് ജെന്‍ഡര്‍പാര്‍ക്ക് വേദിയാകും.

Gender Park ICGE Conference Inaugurated By KK Shailaja

No stories found.
The Cue
www.thecue.in