മുത്തലാഖ് ചൊല്ലിയ പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഭാര്യ ഹൈക്കോടതിയില്‍; ജസ്റ്റിസ് കെമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നും ആരോപണം

മുത്തലാഖ് ചൊല്ലിയ പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഭാര്യ ഹൈക്കോടതിയില്‍; ജസ്റ്റിസ് കെമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നും ആരോപണം

പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി.കലാം പാഷയ്‌ക്കെതിരെ പരാതിയുമായി ഭാര്യ ഹൈക്കോടതിയില്‍. സുപ്രീംകോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്ന് കാണിച്ചാണ് പരാതി. ജസറ്റിസ് കലാം പാഷയ്‌ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്.

കലാം പാഷയുടെ സഹോദരനും, മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി.കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സുപ്രീംകോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് കലാം പാഷയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്. കടവന്ത്ര പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുന്‍കൂര്‍ അനുമതിയാണ് ഇവര്‍ തേടിയത്.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തലാഖ് നടന്നു എന്ന് സ്ഥാപിക്കാന്‍ ജഡ്ജി വ്യാജമായ രേഖകള്‍ തയ്യാറാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. 2018 മാര്‍ച്ച് ഒന്നിനാണ് ബി. കലാം പാഷ മുത്തലാഖ് ചൊല്ലിയതായി കത്ത് നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു. തലാഖ് ചൊല്ലിയുള്ള കത്തില്‍ 2018 മാര്‍ച്ച് ഒന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇത് അച്ചടി പിശകാണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കി. ഇത് നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് പരാതിക്കാരി പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കിലുള്ള ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് കെമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം തെറ്റാണെന്നും, ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഷയം നേരത്തെ തന്നെ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ഹൈക്കോടതി വിജിലന്‍സ് വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ഹൈക്കോടതി പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങള്‍ കൂടി പരിശോധിച്ചാകും ജഡ്ജിക്കെതിരായ പരാതിയില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുക.

AD
No stories found.
The Cue
www.thecue.in