'തലയിടിച്ച് വീണത് കണ്‍മുന്നില്‍', ഷെഫീഖിന്റെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് നിപുണ്‍ ചെറിയാന്‍

'തലയിടിച്ച് വീണത് കണ്‍മുന്നില്‍', ഷെഫീഖിന്റെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് നിപുണ്‍ ചെറിയാന്‍

റിമാന്‍ഡ് പ്രതി വട്ടകപ്പാറ തൈപ്പറമ്പില്‍ ടി. എച്ച് ഷഫീഖ് ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി വിഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍. ഷെഫീഖ് സെല്ലിനുള്ളില്‍ തലയിടിച്ച് വീണിട്ടും അധികൃതര്‍ ചികിത്സ ലഭ്യമാക്കിയില്ലെന്നും, സമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഷെഫീഖ് മരിക്കില്ലായിരുന്നുവെന്നും നിപുണ്‍ ദ ക്യുവിനോട് പറഞ്ഞു.

ഷെഫീഖിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് താനടക്കമുള്ള തടവുകാര്‍ ആവശ്യപ്പെട്ടിട്ടും ജയില്‍ അധികൃതര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നും നിപുണ്‍ പറഞ്ഞു. വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന് കൊടുത്തതുമായി ബന്ധപ്പെട്ട് ജനുവരി ആറാം തീയ്യതിയാണ് നിപുണ്‍ ചെറിയാന്‍ അറസ്റ്റിലായത്. ജനുവരി 12ന് മറ്റ് തടവുകാരുമായി സംസാരിച്ചിരിക്കെയായിരുന്നു സംഭവമെന്ന് നിപുണ്‍ പറയുന്നു.

നിപുണ്‍ ചെറിയാന്റെ വാക്കുകള്‍:

'ഞാന്‍ 14-ാം നമ്പര്‍ സെല്ലിലായിരുന്നു, എന്റെ എതിര്‍ വശത്തുള്ള സെല്ലിലാണ് ഷെഫീഖിനെ പാര്‍പ്പിച്ചിരുന്നത്. മറ്റ് അന്തേവാസികളുമായി സംസാരിച്ചുകൊണ്ടിരിക്കെ എതിര്‍വശത്തെ സെല്ലിലൂടെ നടക്കുകയായിരുന്ന ഷെഫീഖ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി തലയിടിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. നല്ല ശബ്ദത്തോടെയായിരുന്നു ഷെഫീഖ് വീണത്. അപസ്മാരത്തിന്റെ ലക്ഷണങ്ങളും കാണിച്ചിരുന്നു. സി.സി.ടി.വിയില്‍ കണ്ട് ജയില്‍ അധികൃതര്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തി. കയ്യില്‍ താക്കോല്‍ കൊടുക്കുന്നതു പോലെയുള്ള അപരിഷ്‌കൃത ചികിത്സകളാണ് അവര്‍ ചെയ്തത്.

ഷെഫീഖ് തലയടിച്ചു വീണ കാര്യം പറഞ്ഞു, ആശുപത്രിയില്‍ കൊണ്ട് പോകണമെന്ന് ഞാന്‍ അടക്കമുള്ള തടവുകാര്‍ പറഞ്ഞിട്ടും അത് മുഖവിലയ്ക്ക് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അത് അപസ്മാരമല്ലെ, എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നാണ് ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്.

റിമാന്‍ഡ് ചെയ്യുന്ന പ്രതികളെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടാണ് ജയിലില്‍ പ്രവേശിപ്പിക്കേണ്ടത്. രാത്രി വൈകി റിമാന്‍ഡ് ചെയ്യുന്നവരെ പിറ്റേ ദിവസം കൊവിഡ് ടെസ്റ്റിന് കൊണ്ടുപോകുന്നതാണ് രീതി. ഷെഫീഖിനെ പിറ്റേ ദിവസം കൊവിഡ് ടെസ്റ്റിന് വേണ്ടി മാത്രമാണ് കൊണ്ടുപോയത്. തലയിടിച്ച് വീണതിന് ഒരു ചികിത്സയും നല്‍കിയിട്ടില്ല. സാധാരണ ഒരു അപസ്മാരത്തിന്റെ കേസ് പോലെയാണ് അവര്‍ കൈകാര്യം ചെയ്തത്. വലിയ അനാസ്ഥയാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഷെഫീഖ് മരിക്കില്ലായിരുന്നെന്നും, ഷെഫീഖിന് മര്‍ദ്ദനമേറ്റിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും നിപുണ്‍ ദ ക്യുവിനോട് പറഞ്ഞു.

നില ഗുരുതരമായതോടെയാണ് ഷെഫീഖിനെ അധികൃതര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തുടര്‍ന്ന് 13ന് ഉച്ചകഴിഞ്ഞു 3.10നാണ് അദ്ദേഹം മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം ഷെഫീഖിന്റെ തലയ്ക്കു പിന്‍വശത്ത് ഉറച്ച പ്രതലത്തില്‍ വീണതു മൂലമോ എന്തെങ്കിലും വസ്തു തട്ടിയതു കൊണ്ടോ ഉണ്ടാകുന്ന പരുക്ക് സംഭവിച്ചിരുന്നതായാണ് പറയുന്നത്. പരുക്കിന്റെ കാഠിന്യം കൊണ്ട് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും മൊഴിയില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷെഫീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി ഭാര്യ സെറീന ഉള്‍പ്പടെയുള്ളവര്‍ നേരത്തെ രംഗത്തു വന്നിരുന്നു. തലയ്ക്കു പിന്നിലെ മുറിവിനു കാരണം പൊലീസ് മര്‍ദ്ദനമാണെന്നായിരുന്നു പിതാവ് ഷെഫീഖിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും സി.ബി.ഐക്ക് വിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Shafeeq's Death Nipun Cheriyan Against Jail Officials

AD
No stories found.
The Cue
www.thecue.in