ശോഭ സുരേന്ദ്രനോട് വിട്ടുവീഴ്ച വേണ്ടെന്ന് കെ.സുരേന്ദ്രന്‍; പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സമിതി

ശോഭ സുരേന്ദ്രനോട് വിട്ടുവീഴ്ച വേണ്ടെന്ന് കെ.സുരേന്ദ്രന്‍; പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സമിതി

ശോഭ സുരേന്ദ്രനോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി കോര്‍ കമ്മിറ്റിയും സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കും. സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് ഈ മാസം 15ന് കേരളത്തിലെത്തും. ഇതിന് ശേഷമാണ് യോഗം ചേരുക.

സ്വര്‍ണക്കടത്ത് കേസിലെ സമരങ്ങളില്‍ സ്ത്രീ പങ്കാളിത്തം കൂടിയിട്ടും മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രന്‍ വിട്ടുനിന്നുവെന്ന് കെ.സുരേന്ദ്രന്‍ നേതാക്കളെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പങ്കെടുത്തില്ല. സംസ്ഥാന പ്രസിഡന്റായ തനിക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും വാര്‍ത്തകള്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നോ ബി.ജെ.പി അണികളില്‍ നിന്നോ പഴയ പോലെ പിന്തുണ ശോഭ സുരേന്ദ്രനില്ലെന്നും കെ.സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തത് സംസ്ഥാന ഘടകത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ശോഭ സുരേന്ദ്രന് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊപ്പം പാര്‍ട്ടിയിലെ മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പിലെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയും തുടര്‍ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Related Stories

The Cue
www.thecue.in