പാലായില്‍ ഇടത് നിന്ന് ജോസ്; മാണി.സി.കാപ്പന്‍ വലത്തോട്ട്; എന്‍.സി.പി ഇടതുമുന്നണി വിട്ടേക്കും

പാലായില്‍ ഇടത് നിന്ന് ജോസ്; മാണി.സി.കാപ്പന്‍ വലത്തോട്ട്; എന്‍.സി.പി ഇടതുമുന്നണി വിട്ടേക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ്.കെ.മാണി പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് എന്‍.സി.പി മുന്നണി വിട്ടേക്കും. മാണി.സി.കാപ്പന്‍ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമസഭ സമ്മേളനത്തിന് ശേഷമായിരിക്കും മുന്നണി വിടുന്ന കാര്യം എന്‍.സി.പി തീരുമാനിക്കുക. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നേരത്തെ തന്നെ മാണി.സി.കാപ്പന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടും ഇക്കാര്യം അറിയിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും മാണി.സി.കാപ്പന്‍ ഉറപ്പിച്ചിട്ടുണ്ട്. ജോസ്.കെ.മാണിക്ക് സീറ്റ് നല്‍കിയാല്‍ മുന്നണി വിടുന്ന കാര്യം എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രഖ്യാപിക്കും. മാണി.സി.കാപ്പനായിരിക്കും പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് പി.ജെ. ജോസഫ് പറഞ്ഞിരുന്നു.

ഇടതുമുന്നണിയിലേക്ക് എത്തുമ്പോള്‍ തന്നെ പാലാ സീറ്റ് ജോസ്.കെ.മാണി ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനും അനുകൂല നിലപാടാണുള്ളത്. പാലാ സീറ്റ് ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ സി.പി.ഐ പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ ഇടതുമുന്നണിയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുയെന്നതാണ് ജോസ്. കെ.മാണി വിഭാഗത്തിന് പാലായില്‍ ആത്മവിശ്വാസം നല്‍കുന്നത്. രാജ്യസഭ അഗത്വം രാജിവെച്ചാകും നിയമസഭയിലേക്ക് മത്സരിക്കുക. കാഞ്ഞിരപ്പള്ളി സീറ്റും ജോസ്.കെ.മാണി വിഭാഗത്തിന് നല്‍കിയേക്കും. സി.പി.ഐയാണ് ഇവിടെ മത്സരിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in