'ഞങ്ങളെ വഞ്ചിച്ചു അല്ലെ', 'ഇങ്ങനെ ഒരു എം.എല്‍.എയെ വേണമോയെന്ന് ഓരോ പ്രവര്‍ത്തകരും ചിന്തിക്കണം'; ഒ.രാജഗോപാലിന്റെ പേജില്‍ പ്രതിഷേധം

'ഞങ്ങളെ വഞ്ചിച്ചു അല്ലെ', 'ഇങ്ങനെ ഒരു എം.എല്‍.എയെ വേണമോയെന്ന് ഓരോ പ്രവര്‍ത്തകരും ചിന്തിക്കണം'; ഒ.രാജഗോപാലിന്റെ പേജില്‍ പ്രതിഷേധം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച ഒ.രാജഗോപാല്‍ എം.എല്‍.എയുടെ പേജില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. ഒ.രാജഗോപാല്‍ ബി.ജെ.പിയെ വഞ്ചിച്ചുവെന്നും, ഇങ്ങനെയൊരു എം.എല്‍.എ വേണമോ എന്ന് ഓരോ പ്രവര്‍ത്തകരും ചിന്തിക്കണമെന്നുമാണ് ചിലര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ചെയ്തത്.

രാജഗോപാലില്‍ നിന്നും ഇത്തരത്തില്‍ ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ പറയുന്നുണ്ട്. രൂക്ഷമായ ഭാഷയിലാണ് ചിലരുടെ പ്രതികരണം. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നാണ് ഒരാളുടെ കമന്റ്. പൊതുഅഭിപ്രായം സിപിഎമ്മില്‍ ചേരണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യുമോ എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ഇതിനിടെ ഒ.രാജഗോപാലിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയില്‍ വിവരവും നിലപാടും ഉള്ള ഒരാളാണ് രാജഗോപാല്‍ എന്നായിരുന്നു ഒരു കമന്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സംസ്ഥാന നിയമസഭ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചുവെങ്കിലും, വോട്ടെടുപ്പില്‍ എതിര്‍ത്തില്ല. കേന്ദ്രസര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബി.ജെ.പിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു ഒ.രാജഗോപാല്‍ പറഞ്ഞത്. അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതായും നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു.

BJP Workers Comment On O Rajagopal's Facebook Page

Related Stories

The Cue
www.thecue.in