'രണ്ട് മരണങ്ങളുടെയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടെയും പ്രധാന ഉത്തരവാദി കേരളാ പൊലീസാണ്'; വി.ടി.ബല്‍റാം

'രണ്ട് മരണങ്ങളുടെയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടെയും പ്രധാന ഉത്തരവാദി കേരളാ പൊലീസാണ്'; വി.ടി.ബല്‍റാം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി കേരള പൊലീസെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. സ്വന്തം കണ്‍മുന്നില്‍ മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും പോലീസ് ഭാഷയില്‍ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവര്‍ പൊതുഖജനാവില്‍ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാന്‍ കേരളീയ സമൂഹത്തിനാവണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി.ബല്‍റാം ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുന്‍പേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാന്‍ അമിതാവേശം കാട്ടിയ കേരളാ പോലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി. ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാത്ത 'നിയമപാലന'ത്തിടുക്കത്തിന്റെ മിനുട്ടുകള്‍ക്ക് ശേഷം സ്റ്റേ ഉത്തരവ് എത്തുകയും ചെയ്തു!

കഞ്ചാവ് കേസിന്റെ റെയ്ഡിനിടയില്‍ പാര്‍ട്ടി പ്രമുഖന്റെ കൊച്ചുമോന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്‌ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തില്‍ മാത്രം ശ്രദ്ധയൂന്നുകയാണ്.

സ്വന്തം കണ്‍മുന്നില്‍ മാതാപിതാക്കള്‍ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും 'പോലീസ് ഭാഷ' യില്‍ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവര്‍ പൊതുഖജനാവില്‍ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാന്‍ കേരളീയ സമൂഹത്തിനാവണം. ഒരൊറ്റ നിമിഷത്തിന്റെ ആളിക്കത്തലില്‍ ആരുമില്ലാത്തവരായി മാറിയ, വലിയവരേ സംബന്ധിച്ച് ആരുമല്ലാത്തവരായി നേരത്തേ മാറിയിരുന്ന, ആ കൗമാരങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസവും നല്‍കാന്‍ ഭരണകൂടം തയ്യാറായി കടന്നു വരണം. കിറ്റ് പോലുള്ള ഔദാര്യമായിട്ടല്ല, ചെയ്ത തെറ്റിന്റെ പ്രായച്ഛിത്തമായിട്ട്, ഒരു നാടെന്നെ നിലയിലെ ഉത്തരവാദിത്തമായിട്ട്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

VT Balram MLA Response On Tvm Suicide Incident

Related Stories

No stories found.
logo
The Cue
www.thecue.in