'ദിവസവും 15 പേര്‍ക്കെങ്കിലും പൊതിച്ചോറ് എത്തിക്കുമായിരുന്നു, അവസാനം പറഞ്ഞതും പാവങ്ങള്‍ക്കുള്ള ഭക്ഷണം മുടക്കരുതെന്ന്'; രാജന്റെ മക്കള്‍

'ദിവസവും 15 പേര്‍ക്കെങ്കിലും പൊതിച്ചോറ് എത്തിക്കുമായിരുന്നു, അവസാനം പറഞ്ഞതും പാവങ്ങള്‍ക്കുള്ള ഭക്ഷണം മുടക്കരുതെന്ന്'; രാജന്റെ മക്കള്‍

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്നാല്‍ കഴിയുന്ന സഹായം പാവങ്ങള്‍ക്കായി നല്‍കിയിരുന്നു. ആശാരിപ്പണിയില്‍ നിന്ന് കിട്ടുന്ന ഭൂരിഭാഗവും ചെലവിട്ടത് മറ്റുള്ളവര്‍ക്കായായിരുന്നു. ദിവസവും പണിക്കുപോകുന്ന വഴി കുറഞ്ഞത് 15 പേര്‍ക്കെങ്കിലും രാജന്‍ പൊതിച്ചോര്‍ എത്തിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് രാജന്‍ മക്കളോട് പറഞ്ഞത്.

റോഡ് സൈഡില്‍ വയ്യാതെ കിടക്കുന്നവര്‍ക്കായി ദിവസവും മുടങ്ങാതെ അച്ഛന്‍ ഭക്ഷണം കൊണ്ടുപോകുമായിരുന്നുവെന്ന് രാജന്റെ മകന്‍ രഞ്ജിത് പറഞ്ഞു. സംഭവം നടക്കുന്നതിന് തലേ ദിവസമാണ് ഭക്ഷണം കൊണ്ടുപോകാന്‍ പുതിയ ഫ്‌ളാസ്‌കും, ചായയിടാന്‍ പാത്രവുമായി വരുന്നത്. മരിക്കാന്‍ സമയമായപ്പോള്‍ എന്നോട് പറഞ്ഞു മോനെ, അച്ഛന്‍ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ കൊടുക്കുന്നത് പോലെ നീയും എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം എന്ന്. പൊലീസുകാരന്‍ കൈ തട്ടി അച്ഛനും അമ്മയ്ക്കും തീ പിടിച്ചു. ഞാന്‍ അവരെ പിടിക്കാന്‍ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കില്‍ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളു', രഞ്ജിത് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ മാസം 22നായിരുന്നു നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

Tvm Suicide Rajan's Children About Charity

Related Stories

No stories found.
logo
The Cue
www.thecue.in