മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി; തിരുത്തണമെന്ന് മുഖ്യമന്ത്രി

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയെ പിന്തുണയ്ക്കണം എന്ന അഭ്യര്‍ത്ഥന മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെക്കുകയല്ല. ആരോഗ്യകരമായ വിമര്‍ശനങ്ങളെ പരിശോധിക്കാനും തിരുത്താനും സര്‍ക്കാര്‍ തയ്യാറാണ്. ഭാവനയിലൂടെ കഥകള്‍ മെനയുകയാണ്. ജനങ്ങള്‍ അവരുടെ നിലപാട് സ്വീകരിക്കുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനെ കുറച്ച് കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. അതിനൊന്നും ചെവി കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. നാലര വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ ജനക്ഷേമ പരിപാടികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ തുടര്‍ച്ചയാണ് ഈ വിജയം. ആ നേട്ടം സംരക്ഷിക്കപ്പെടണമെന്നും തുടര്‍ച്ച വേണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. സമാനതകളില്ലാത്ത അപവാദ പ്രചരണമാണ് നാലഞ്ച് മാസമായി ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിയത്. അത്തരം കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനങ്ങളില്‍ വിശ്വാസമുള്ളത് കൊണ്ടാണ് പതിനാറാം തിയ്യതി കാണാമെന്ന് പറഞ്ഞത്. ജനങ്ങള്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചത്. ആ വിശ്വാസം തെറ്റായി പോയെന്ന് തോന്നുന്ന ഒരു പ്രവര്‍ത്തിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ജനങ്ങളെ നേരിട്ടറിയാവുന്ന, പാവപ്പെട്ടവരുടെ കൂടെ നില്‍ക്കുന്ന മുന്നണിയാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. അത് തുടര്‍ന്നും നിറവേറ്റുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in