പ്രതികളുടെ രഹസ്യമൊഴി ചിലര്‍ പ്രഖ്യാപിക്കുന്നു, കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കും : മുഖ്യമന്ത്രി

പ്രതികളുടെ രഹസ്യമൊഴി ചിലര്‍ പ്രഖ്യാപിക്കുന്നു, കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കും : മുഖ്യമന്ത്രി

അര്‍പ്പിതമായ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യതിചലിക്കുന്നുവെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് സഹായം നല്‍കുന്ന ചുമതലയല്ല അന്വേഷണ ഏജന്‍സികള്‍ക്ക്. അഴിമതിരഹിതമായും കാര്യക്ഷമതയോടെയും സുതാര്യവുമായുമാണ് കേരളത്തിലെ ഭരണം. സംസ്ഥാനത്തിന്റെ ആ സവിശേഷത തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. സര്‍ക്കാരിന്റെ നയപരിപാടികളുടെ പരിശോധന നടത്തി എന്തെങ്കിലും കിട്ടുമോയെന്ന് കണ്ടെത്താനുള്ള യജ്ഞത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. സര്‍ക്കാരും സിഎജിയും ഓഡിറ്റ് ചെയ്യുന്ന ഫയലുകള്‍ വീണ്ടും മൊത്തമായി പരിശോധിച്ച് എന്തെങ്കിലും കണ്ടെത്താനാകുമോയെന്നാണ് നോക്കുന്നത്.

ഏജന്‍സികളുടെ അന്വേഷണ ലക്ഷ്യങ്ങള്‍ വഴിമാറി. ഏജന്‍സികള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കണം. അവയ്ക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാനാകില്ല. അവയുടേതായ ചട്ടക്കൂടുണ്ട് .ലക്ഷ്യങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്വങ്ങളാണ് നിര്‍വഹിക്കേണ്ടത്. അതിന് വിരുദ്ധമായാണ് പ്രസ്തുത ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക പാഠം മനസ്സിലാക്കിയവര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് വിശദമായ കത്ത് നല്‍കും. കേന്ദ്രവും യുഡിഎഫും ഒരേവഴിയിലാണ്. സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് വഞ്ചനാപരമായി പിന്‍തുണ നല്‍കുകയാണ്.

സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണഏജന്‍സികള്‍ നടപടി സ്വീകരിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ക്കെതിരെ കേസുകളും അന്വേഷണങ്ങളും നടപടികളുമുണ്ടായി. ഇതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി വന്‍ തോതില്‍ പണമൊഴുക്കുന്നു. 20 കോടി മുതല്‍ 50 കോടി വരെ റേറ്റ് നിശ്ചയിക്കുന്നു. അതിനൊന്നുമെതിരെ അന്വേഷണമില്ല. അതൊന്നും കേട്ടതായി ഭാവിക്കന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് അടക്കം 4 മിഷനുകള്‍ പിരിച്ചുവിടുമെന്നാണ് ഒരു യുഡിഎഫ് നേതാവ് പറയുന്നത്. രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് വീട് നല്‍കിയ പദ്ധതിയാണത്. അര്‍ഹതാപട്ടികയില്‍ ഇല്ലാത്തവരെ ഇനിയും പരിശോധിച്ച് ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവരെ തെരുവാധാരമാക്കാനാണ് യുഡിഎഫ് വോട്ടുതേടുന്നത്.വിചിത്രമായ പ്രസ്താവനയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനെതിരെ എന്ത് തെളിവ് കിട്ടിയെന്ന് ഇ.ഡി പറയട്ടെ. അന്വേഷണത്തെ അദ്ദേഹത്തിന് ഭയമില്ല, കൊവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിന് ചികിത്സ വേണ്ടതുണ്ട്. അത് പാടില്ലെന്നാണോ പറയുന്നത്. അതിന് ശേഷം അദ്ദേഹം ഹാജരാകും, തെളിവ് നല്‍കും.അതിന്റെയടിസ്ഥാനത്തില്‍ രവീന്ദ്രനെ ഒരുകാര്യവും ചെയ്യാനാവില്ലെന്ന പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan Again Slams Central Investigating Agencies

Related Stories

No stories found.
logo
The Cue
www.thecue.in