'ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി'; കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

'ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി'; കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിമര്‍ശനവുമായി സി.പി.ഐ. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്‌ഡെന്ന് മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. സാമ്പത്തിക കുറ്റവാളികളെ പോലെ ധനവകുപ്പിനെയും ഇരുട്ടില്‍ നിര്‍ത്തിയെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയായ ധനകാര്യ സ്ഥാപനത്തെ സര്‍ക്കാരിന്റെ തന്നെ ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് അസ്വാഭാവികവും അപലപനീയവുമാണ്. കെ.എസ്.എഫ്.ഇയില്‍ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആഭ്യന്തര ഓഡിറ്റ് അതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീഴ്ചകളുടെയും ക്രമക്കേടുകളുടെയും പേരില്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാന്‍ അനുവദിച്ചു കൂടായെന്നും ജനയുഗം പറയുന്നു.സര്‍ക്കാരിനെ അട്ടിമറിക്കലാണ് ഇതിന് പിന്നിലെങ്കില്‍ അനുവദിക്കാനാവില്ല.

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പല അന്വേഷണങ്ങള്‍ പോലെ കെ.എസ്.എഫ്.ഇ റെയ്ഡിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന സംശയം പ്രസക്തമാണ്. സുരക്ഷിതമായ സമ്പാദ്യവും വായ്പാ സൗകര്യവുമാണ് കെ.എസ്.എഫ്.ഇ നല്‍കുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്‍കുന്നുണ്ട്.

ചിട്ടി കമ്പനികള്‍ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തിന് അറുതിവരുത്തുകയും സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും കെ.എസ്.എഫ്.ഇയ്ക്ക കഴിഞ്ഞിട്ടുണ്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in