'കര്‍ഷക സമരത്തിലും ഷഹീന്‍ബാഗ് മുത്തശ്ശി, വില 100 രൂപ'; പ്രതിഷേധത്തിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ച് കങ്കണ

'കര്‍ഷക സമരത്തിലും ഷഹീന്‍ബാഗ് മുത്തശ്ശി, വില 100 രൂപ'; പ്രതിഷേധത്തിന് പിന്നാലെ ട്വീറ്റ് പിന്‍വലിച്ച് കങ്കണ

പൗരത്വഭേദതഗതി നിയമത്തിനെതിരെ നടന്ന ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമെന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിക്കെതിരെ വ്യാജപ്രചരണവുമായി കങ്കണ റണാവത്. ഷഹീന്‍ബാഗ് മുത്തശ്ശി തന്നെയാണ് കാര്‍ഷിക സമരത്തിലും പങ്കെടുത്തതെന്നും, 100 രൂപയ്ക്ക് ഇവരെ ലഭ്യമാണെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. ട്വീറ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ നടി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തയാളാണ് ബില്‍കിസ്. ഇവരെയും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്ത മറ്റൊരു വയോധികയുടെ ചിത്രവും പങ്കുവെച്ചു കൊണ്ട്, ഇവര്‍ രണ്ട് പേരും ഒന്നാണെന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രസ്താവന.

'ഏറ്റവും ശക്തയായ ഇന്ത്യനായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത അതേ മുത്തശ്ശി തന്നെയാണ് ഇത്. അവരെ 100 രൂപയ്ക്ക് ലഭിക്കും. ഏറ്റവും ലജ്ജാവഹമായ രീതിയില്‍ പാക്കിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ രാജ്യാന്തര പി.ആര്‍ ജോലികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ സംവദിക്കാന്‍ നമുക്ക് നമ്മുടെ തന്നെ ആളുകള്‍ വേണം', ട്വീറ്റില്‍ കങ്കണ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാജപ്രചരണം നടത്തി കങ്കണ കര്‍ഷകരെ ഉള്‍പ്പടെ അപമാനിക്കുകയാണെന്നുള്‍പ്പടെ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കണ്ണുകള്‍ തുറന്ന് കാര്യങ്ങള്‍ കാണൂ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. പ്രതിഷേധം ശക്തമായതോടെ കങ്കണ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in