സ്ഥിരനിയമനമില്ല, എണ്ണായിരത്തില്‍ അധികം തസ്തികകളില്‍ താല്‍കാലിക നിയമനം; എസ്.ബി.ഐ നടപടിയില്‍ പ്രതിഷേധം

സ്ഥിരനിയമനമില്ല, എണ്ണായിരത്തില്‍ അധികം തസ്തികകളില്‍ താല്‍കാലിക നിയമനം; എസ്.ബി.ഐ നടപടിയില്‍ പ്രതിഷേധം

സ്ഥിരനിയമനം അവസാനിപ്പിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതിഷേധം. ക്ലറിക്കല്‍ തസ്തികയില്‍ രാജ്യത്താകെ 8000ല്‍ അധികം ഒഴിവുകളുണ്ടായിട്ടും, ഇവയില്‍ സ്ഥിരനിയമനം നടത്താതെ, അപ്രന്റീസ് വ്യവസ്ഥയില്‍ നിയമനം നടത്താനുള്ള നീക്കമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്റീസുകളെ നിയമിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് എസ്.ബി.ഐ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ട്രെയിനിങ്ങിന്റെ പേരില്‍ പ്രതിമാസം 15,000 രൂപ സ്റ്റൈഫന്റ് കൊടുത്ത് യുവതീയുവാക്കളെ ദൈനംദിന ബാങ്കിങ് ജോലികള്‍ ചെയ്യിക്കുന്നത് നഗ്നമായ തൊഴില്‍ ചൂഷണമാണെന്ന് സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (എസ്.ബി.എസ്.യു) കേരള സര്‍ക്കിള്‍ പ്രതികരിച്ചു. വ്യപകമായ ആശങ്കകള്‍ക്കും ആശയകുഴപ്പങ്ങള്‍ക്കും ഇത് കാരണമായിരിക്കുകയാണെന്നും ആരോപണമുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള എസ്.ബി.ഐയുടെ നീക്കം ജനദ്രോഹപരവും, തൊഴിലാളി വിരുദ്ധവുമാണെന്ന് സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.രാഘവന്‍ ദ ക്യുവിനോട് പറഞ്ഞു. ഇന്നത്തെ കാലത്ത് ഏറ്റവുമധികം തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ബാങ്കിങ്. തൊഴില്‍ ലഭ്യത കുറഞ്ഞുവരുന്ന കാലത്ത് കൂടുതല്‍ ആളുകളെ നിയമിക്കുന്നതിന് പകരമാണ് അപ്രന്റീസുകളെ നിയമിക്കാനുള്ള നീക്കമെന്നും എ.രാഘവന്‍.

'1961ലെ അപ്രന്റീസ് ആക്ട് അടുത്ത കാലത്താണ് ഭേദഗതി ചെയ്തത്. അപ്രന്റീസ് നിയമനത്തിന്റെ കാലാവധി ഒരു കൊല്ലം എന്നുള്ളത് മാറ്റി തൊഴിലുടമയ്ക്ക് എത്ര കാലം വേണമെങ്കിലും ജോലി ചെയ്യിക്കാം എന്നാക്കിയിരിക്കുകയാണ്. എസ്.ബി.ഐയുടെ ഇപ്പോഴത്തെ പ്രഖ്യാപനം അനുസരിച്ച് 3 വര്‍ഷത്തേക്ക് 8500ഓളം ആളുകളെ ബാങ്കില്‍ നിയമിക്കാം, ചുരുങ്ങിയ ശമ്പളം നല്‍കിയാല്‍ മതി. ലേബര്‍ കോഡ് മാറ്റുന്നതോടെ 12 മണിക്കൂര്‍ വരെ ഇവരെ ജോലി ചെയ്യിക്കാം. ഇങ്ങനെ തൊഴില്‍ ചൂഷണത്തിനാകും ഈ തീരുമാനം വഴിവെക്കുക. സ്വാഭാവികമായും സ്ഥിരനിയമനങ്ങളുടെ എണ്ണം കുറയും.'

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം. ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട പൊതുമേഖലാ ബാങ്കുകളില്‍ ഇത് നടപ്പിലാക്കുമ്പോള്‍ മറ്റ് മേഖലകളില്‍ ഇതിനേക്കാള്‍ ഗുരുതരമായി ഇത് നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും എസ്.ബി.എസ്.യു ജനറല്‍ സെക്രട്ടറി പങ്കുവെച്ചു.

ബാങ്കിങ് മേഖലയുടെ പ്രാമുഖ്യം, ഇടപാടുകാരുടെ സുരക്ഷ തടങ്ങിയ പ്രധാന കാര്യങ്ങള്‍ പോലും പരിഗണിക്കാതെയാണ് താല്‍കാലിക നിയമനത്തിനുള്ള നീക്കമെന്നതാണ് മറ്റൊരു പ്രധാനകാര്യം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏതൊരു മേഖലയും സ്ഥിരനിയമനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. നിലവിലെ തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെയധികം ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അപ്രന്റീസ് നിയമനം നടത്താനുള്ള നീക്കം എസ്.ബി.ഐ അവസാനിപ്പിക്കണമെന്നും എ.രാഘവന്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എസ്.ബി.ഐ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു. എണ്ണായിരത്തിലധികം ഒഴിവുണ്ടായിട്ടും സ്ഥിരം നിയമനം നടത്താതെ മൂന്നു വര്‍ഷത്തെ ട്രെയിനി നിയമനത്തിന് നീക്കം നടത്തുകയാണ് ബാങ്ക്. ക്ലാര്‍ക്ക്, ക്യാഷ്യര്‍, ടെല്ലര്‍ ചുമതലകളെല്ലാം ഇവര്‍ക്ക് കൈമാറുന്നതോടെ മികച്ച തൊഴിലവസരങ്ങള്‍ കൂടിയാണ് ഇല്ലാതാക്കുന്നത്. നിലവിലുള്ള നിരവധി ഒഴിവുകള്‍ നികത്തേണ്ടെന്ന ബാങ്കിന്റെ നയപരമായ തീരുമാനം അഭ്യസ്ഥ വിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. രാജ്യം അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന സമയത്ത്, തുച്ഛമായ പ്രതിഫലത്തിന് ക്ലറിക്കല്‍ ജോലിക്ക് ആളെ കണ്ടെത്തുന്നത് യുവാക്കളോടുള്ള ക്രൂരതയാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയാന്‍ ബാങ്ക് തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in